Sorry, you need to enable JavaScript to visit this website.

മോഡിയുടെ സത്യപ്രതിജ്ഞ  ഒബാമ കണ്ടുവോ? 

ന്യൂദല്‍ഹി-നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ലൈവായി കാണുന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'അമേരിക്കയിലിരുന്ന് ഒബാമ പോലും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കുന്നു. ഇതാണ് മോഡിയുടെ ശക്തി' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്. സച്ചിന്‍ ജീന്‍വാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിച്ച ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. 2014 ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ഒബാമയുടെ ചിത്രം എഡിറ്റ് ചെയ്താണ് ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. 
സച്ചിന്റെ പ്രൊഫൈലില്‍ നിന്ന് മാത്രം 271 തവണയാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അങ്ങനെ ഷെയര്‍ ചെയ്ത് ചിത്രം ഏറെ വൈറലാകുകയും മോഡിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 
ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സ് പകര്‍ത്തിയ ചിത്രമാണ്  എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. 2014 ജൂണ്‍ 26ന് യഥാര്‍ത്ഥ ചിത്രം മില്‍സ് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. അമേരിക്കയും ജര്‍മ്മനിയും തമ്മിലുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണുന്ന ചിത്രമായിരുന്നു ഇത്. സമാനമായ രീതിയില്‍ ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ട് ആവേശഭരിതരായി തുള്ളി ചാടുന്ന വിദേശികളുടെ വീഡിയോയായിരുന്നു അത്. എന്നാല്‍, 2016 യൂറോ കപ്പ് മത്സരത്തില്‍ നിനച്ചിരിക്കാതെ ഗോള്‍ നേടിയ ഡാനിയേലിന്റെ  പ്രകടനത്തെ ആഘോഷമാക്കിയ വിദേശികളുടെ  വീഡിയോയായിരുന്നു അത്. 

Latest News