ജിദ്ദ - നിരവധി പേര്‍ കൊല്ലപ്പെടുന്നതിലേക്ക് നയിച്ച സുഡാനിലെ പുതിയ സംഭവവികാസങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സൗദി അറേബ്യ അനുശോചനം അറിയിച്ചു. സുഡാനിലെ സുരക്ഷാ ഭദ്രതയും സമാധാനവും നേട്ടങ്ങളും സംരക്ഷിക്കുകയും അഖണ്ഡത ഉറപ്പുവരുത്തുകയും ചെയ്യുന്നതിന് സുഡാനിലെ എല്ലാ കക്ഷികളും വിവേകം പുലര്‍ത്തണമെന്നും ചര്‍ച്ചക്ക് മുന്‍ഗണന നല്‍കണമെന്നും സൗദി ആവശ്യപ്പെട്ടു.
സുഡാന്‍ ജനതയുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുന്നതിന് വിവിധ കക്ഷികള്‍ ചര്‍ച്ച പുനരാരംഭിക്കണം. സുഡാനും സുഡാന്‍ ജനതക്കു പിന്തുണ നല്‍കുന്ന ഉറച്ച നിലപാടാണ് സൗദി അറേബ്യക്കുള്ളത്. നിലവിലെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ തരണം ചെയ്യുന്നതിന് സുഡാന് സാധിക്കട്ടെയെന്നും സൗദി അറേബ്യ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ സേനകള്‍ ആക്രമണം ആരംഭിച്ചതു മുതല്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രതിപക്ഷ വൃത്തങ്ങള്‍ പറയുന്നത്.