ലോകത്തെ ഏറ്റവും മികച്ച യുദ്ധ വിമാനമായ എഫ്-15 ഇനത്തിൽ പെട്ട 36 വിമാനങ്ങൾ രണ്ടാഴ്ച മുമ്പ് ഖത്തർ വാങ്ങിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇതേ ഇനത്തിൽ പെട്ട 72 വിമാനങ്ങൾ വാങ്ങുന്നതിന് ഖത്തർ കരാർ ഒപ്പുവെച്ചു. ഏറ്റവും നവീനമായ യുദ്ധവിമാനങ്ങളുടെ വലിയ നിര തന്നെയുണ്ടെങ്കിലും പൈലറ്റുമാർക്ക് ഇവ പറത്തി പരിശീലിക്കുന്നതിന് മതിയായ വ്യോമമേഖല ഇല്ല എന്നതാണ് ഖത്തറിന്റെ പ്രശ്‌നം. സൗദി അറേബ്യയും ബഹ്‌റൈനും വ്യോമ, സമുദ്ര, കര അതിർത്തികൾ അടച്ചതോടെ ഖത്തറിന് ഉപയോഗിക്കാവുന്ന വ്യോമ മേഖല ചുരങ്ങി. ഇറാൻ സഹായിക്കുകയോ പരിശീലനത്തിന് ദൂരെ രാജ്യങ്ങളിലേക്ക് പോവുകയോ ചെയ്യാതെ ഖത്തർ യുദ്ധവിമാനങ്ങൾക്ക് പരീക്ഷണ പറക്കലിന് മതിയായ വ്യോമ മേഖലയില്ല.
ഖത്തർ ഇപ്പോൾ അഭിമുഖീകരിക്കുന്ന അപകടം യുദ്ധ വിമാനങ്ങൾക്ക് പ്രതിരോധിക്കുന്നതിന് സാധിക്കില്ല. കാരണം സൈനിക യുദ്ധം ഖത്തർ നേരിടുന്നില്ല. താങ്ങുന്നതിന് സാധിക്കാത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ബഹിഷ്‌കരണമാണ് ഖത്തർ നേരിടുന്നത്. സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും ചെലുത്തുന്ന സമ്മർദങ്ങളുടെ വേദനകളെ കുറിച്ച് ഖത്തർ പരാതിപ്പെടുന്നത് നാം കാണുന്നു. ഏറെ കാലമായി സോഫയിൽ ചാരിക്കിടന്ന്, മുൻ അമീർ ടെലിഫോണും റിമോട്ട് കൺട്രോളും ഉപയോഗിച്ച് മേഖലാ രാജ്യങ്ങളിൽ സംഘർഷങ്ങൾ വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. ദീർഘ കാലമായി അയൽ രാജ്യങ്ങൾക്കെതിരെ താൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് തന്റെ രാജ്യത്തെ ശിക്ഷിക്കുന്നതിന് ഈ രാജ്യങ്ങൾ ധൈര്യം കാണിക്കില്ലെന്ന സമാധാനത്തിലായിരുന്നു മുൻ അമീർ. വില നൽകേണ്ടതില്ലാത്ത ഒന്നും ആരുടെയും ജീവിതത്തിലില്ല. വിരുദ്ധ രാഷ്ട്രീയ പദ്ധതികളിൽ ഉറച്ചുനിൽക്കുന്ന പക്ഷം, തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് ഖത്തർ വില നൽകണമെന്ന് ഈ നാലു രാജ്യങ്ങളും തീരുമാനിച്ചു.
എന്റെ അഭിപ്രായത്തിൽ ഖത്തർ മാസങ്ങളോളം സ്വന്തം വിരൽ കടിക്കേണ്ടിവരും. ഖത്തറിനെതിരായ ശിക്ഷ ഇറാനെതിരായ ശിക്ഷ പോലെയല്ല. ബഹിഷ്‌കരണത്തിന്റെ വേദന സഹിക്കാൻ ഇറാന് സാധിക്കും. അവസാനം പിൻവാങ്ങുകയല്ലാതെ ഖത്തറിനു മുന്നിൽ മറ്റു പോംവഴികളുണ്ടാകില്ല. തങ്ങൾ സാമ്പത്തിക സഹായം നൽകുന്ന പ്രതിപക്ഷ ഗ്രൂപ്പുകളെ ഖത്തർ കൈയൊഴിയും. റിയാദ് കരാർ പ്രതിബദ്ധതകൾ കാറ്റിൽ പറത്തി, അയൽ രാജ്യങ്ങൾക്കെതിരെ മൂന്നു വർഷത്തിനിടെ തകർത്താടിയ ഭൂരിഭാഗം മാധ്യമങ്ങളും ഖത്തർ അടച്ചുപൂട്ടും.
പച്ചക്കറികളും പഴങ്ങളും യൂറോപ്പിൽ നിന്നും ഇറച്ചി ഓസ്‌ട്രേലിയയിൽ നിന്നും പാലുൽപന്നങ്ങൾ തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതു പോലെ ഇപ്പോഴത്തെ പ്രതിസന്ധി സൃഷ്ടിക്കുന്ന ചില പ്രശ്‌നങ്ങൾക്ക് ഖത്തറിന് പരിഹാരംകാണാൻസാധിക്കും. എന്നാൽ വിമാന മാർഗം ഇവ എത്തിക്കുന്നതിന് ഇരട്ടി ചെലവ് വഹിക്കേണ്ടിവരും. പണവും ഭീമൻ വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് പരിഹരിക്കുന്നതിന് സാധിക്കാത്ത ചില പ്രശ്‌നങ്ങളുമുണ്ട്. ഖത്തർ രാഷ്ട്രീയ സംവിധാനത്തിലുള്ള വിശ്വാസത്തിന് ഇളക്കം തട്ടുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. സ്വന്തം പൗരന്മാരെയും രാജ്യത്ത് കഴിയുന്ന വിദേശികളെയും സമാധാനിപ്പിക്കുന്നതിനും പൗരന്മാരെയും വൻകിട കമ്പനികളെയും ബാധിച്ച ആശങ്കയും പിരിമുറുക്കവും ഇല്ലാതാക്കുന്നതിനും ഖത്തർ ഗവൺമെന്റിന് സാധിക്കില്ല. ഇതോടൊപ്പം സമ്പദ്‌വ്യവസ്ഥ നേരിടുന്ന അപകടങ്ങളും ചെലവുകളും വർധിക്കുകയും ചെയ്യും.
പ്രതിസന്ധി രൂപപ്പെട്ട് ആദ്യത്തെ രണ്ടാഴ്ചക്കിടെ ദിവസം മുഴുവൻ വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്ത് പൗരന്മാരെയും രാജ്യത്ത് കഴിയുന്ന വിദേശികളെയും സമാധാനിപ്പിക്കുന്നതിന് ഖത്തർ ഗവൺമെന്റ് ശ്രമിച്ചു. തർക്കങ്ങൾക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ഒരിക്കൽ വാദിക്കുന്ന ഖത്തർ മറ്റൊരിക്കൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള അമേരിക്കൻ നേതാക്കളുടെ പ്രസ്താവനകളെ വളച്ചൊടിച്ച് തങ്ങളെ പിന്തുണക്കുന്ന പ്രസ്താവനകളാണെന്ന് വരുത്തിത്തീർക്കുന്നു.
മധ്യസ്ഥ ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിലും ഖത്തർ നേതാക്കൾക്ക് നൂറു നാവാണ്. കുവൈത്ത് അമീർ നടത്തിയ ആദ്യവട്ട മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെടുകയാണ് ചെയ്തത്. ഖത്തറിൽ അമേരിക്കൻ സൈനിക താവളം തുടർന്നും നിലനിൽക്കുമെന്ന കാര്യത്തെ കുറിച്ച് പൗരന്മാരെ സമാധാനിപ്പിക്കുന്ന വാർത്തകളും ബ്രേയ്ക്കിംഗ് ന്യൂസുകളും ഖത്തർ പല തവണ ആവർത്തിച്ചു. അമേരിക്കൻ സൈന്യവും ഖത്തർ സൈന്യവും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന വ്യാജ വാർത്ത ദിവസങ്ങൾക്കു മുമ്പ് ഖത്തർ ഗവൺമെന്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് നിഷേധിച്ചും റിപ്പോർട്ട് വ്യാജമാണെന്ന് വ്യക്തമാക്കിയും പെന്റഗൺ തന്നെ രംഗത്തെത്തി.
ഖത്തറിലെ ജനങ്ങൾ യാഥാർഥ്യം മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് യാതൊരുവിധ പ്രയോജനവുമില്ലാത്ത പോരാട്ടത്തിൽ ഗവൺമെന്റ് തങ്ങളെ അകപ്പെടുത്തിയതായും പ്രതിസന്ധി നീണ്ടുപോകുമെന്നും ബഹിഷ്‌കരണം തങ്ങളെ ശ്വാസംമുട്ടിക്കുമെന്നും തർക്കം കൂടുതൽ മൂർഛിക്കുമെന്നും അയൽ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാകുമെന്നും ജനങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. നിശ്ചയദാർഢ്യത്തോടെയാണ് തീരുമാനം കൈക്കൊണ്ടതെന്നും തങ്ങളുടെ സുരക്ഷാ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കുന്നതിന് വാശി കാണിക്കുന്ന കാലത്തോളം ഉയർന്ന വില നൽകുന്നതിന് ഖത്തറിനെ നിർബന്ധിതമാക്കുമെന്നും ഖത്തറിന്റെ പ്രവർത്തനങ്ങളിൽ ക്ഷതം നേരിട്ട രാജ്യങ്ങൾ പറയുന്നു.
സൗദി അറേബ്യക്കും യു.എ.ഇക്കുമിടയിൽ ആപ്പ് അടിച്ചുകയറ്റുന്നതിനും സൗദി അറേബ്യക്കെതിരായ നിലപാട് സ്വീകരിക്കുന്നതിന് അമേരിക്കയെ പ്രേരിപ്പിക്കുന്നതിനും അടക്കം ഖത്തർ പയറ്റിയ തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. സൗദിയിലും ബഹ്‌റൈനിലും യു.എ.ഇയിലും തങ്ങൾ വാടകക്കെടുത്ത മാധ്യമ പ്രവർത്തകരെയും വ്യക്തികളെയും ഉണർത്തുന്നതിലും സജീവമാക്കുന്നതിലും ഖത്തർ പരാജയപ്പെട്ടു. ഖത്തറിന്റെ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ട് ഈ രാജ്യങ്ങൾ അവക്ക് തടയിട്ടു. അയൽ രാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഖത്തറിലെ മാധ്യമങ്ങൾ ഈ രാജ്യങ്ങൾ ബ്ലോക്ക് ചെയ്തു. ഖത്തറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പണമൊഴുക്കും ആശയവിനിമയങ്ങളും മറ്റും നാലു രാജ്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഈ രാജ്യങ്ങളിൽ ആരിലൊക്കെയാണോ ഖത്തർ മുതൽ മുടക്കി തങ്ങളുടെ അനുകൂലികളാക്കി മാറ്റിയതെങ്കിൽ അവരുടെയൊന്നും പ്രയോജനം പ്രായോഗിക തലത്തിൽ ഖത്തറിന് കിട്ടാതെ പോയി.
പതിവിന് വിഭിന്നമായി നീക്കം ഇപ്പോൾ എതിർദിശയിലാണ്. ഖത്തറിനും ഖത്തറിനെ അനുകൂലിക്കുന്ന സംഘടനകൾക്കും ഗ്രൂപ്പുകൾക്കുമെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. എല്ലാ തവണത്തെയും പോലെ ഇത്തവണ ഒരു ചുംബനത്തിലൂടെയും ആശ്ലേഷണത്തിലൂടെയും പ്രതിസന്ധി അവസാനിക്കില്ല. അതുകൊണ്ടു തന്നെ ഖത്തർ നന്നായി ആലോചിക്കണം. ഖത്തറിനെതിരായ കേസ് വലുതായിക്കൊണ്ടിരിക്കുകയാണ്.
ഖത്തറിനെതിരായ ബഹിഷ്‌കരണത്തിൽ പങ്കെടുക്കാതിരിക്കുകയും ബഹിഷ്‌കരണത്തിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന ചില രാജ്യങ്ങൾ സൗദി അറേബ്യയും ഈജിപ്തും യു.എ.ഇയും ബഹ്‌റൈനും സ്വീകരിച്ച നടപടികളെ അതേ ആവേശത്തോടെയാണ് കാണുന്നത്. ഇതിന് പിന്തുണ നൽകുന്നതിന് ഈ രാജ്യങ്ങൾ ഒരുക്കമാണ്. ഖത്തർ അതിരുകൾ ലംഘിക്കുകയും വ്യാപകമായ നാശങ്ങൾക്ക് കാരണമാവുകയും മേഖലയുടെ മൊത്തം സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുകയും ഭീകര സംഘടനകളുമായും ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്ന ഇറാൻ പോലുള്ള രാജ്യങ്ങളുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു എന്ന നിലപാടിൽ മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും യോജിക്കുന്നു.
ഖത്തർ ഉപദ്രവങ്ങൾ അവസാനിപ്പിച്ച് ശുഭ്രപതാക ഉയർത്തുന്നതു വരെ ഖത്തറിനെ ലക്ഷ്യമിട്ടുള്ള നടപടികൾക്ക് ഈ രാജ്യങ്ങൾ ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കും.
(അശ്ശർഖുൽഔസത്ത് ദിനപത്രം മുൻ എഡിറ്റർ ഇൻ ചീഫും അൽഅറബിയ ചാനൽ മുൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ)






