Sorry, you need to enable JavaScript to visit this website.

കാണാതായ വിമാനത്തിൽ അഞ്ചൽ സ്വദേശിയും 

ന്യൂദൽഹി- അരുണാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്‌ളൈറ്റ് എൻജിനീയർ ഏരൂർ ആലഞ്ചേരി വിജയ വിലാസത്തിൽ (കൊച്ചു കോണത്ത് വീട് ) അനൂപ് കുമാറിനെ കാണാതായി. അരുണാചൽ പ്രദേശിൽ ചൈന അതിർത്തിക്ക് സമീപം കാണാതായ വ്യോമസേന വിമാനത്തിലാണ് അനൂപ്കുമാർ ഉണ്ടായിരുന്നത്. 

അസമിലെ ജോർഹടിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേയ്ക്ക് പറന്ന ആൻറനോവ് ആൻ 32 (എ.എൻ–32) വ്യോമസേന വിമാനമാണ് കഴിഞ്ഞ ദിവസം കാണതായത്. പതിനൊന്ന് വർഷം മുമ്പാണ് അനൂപ് സൈന്യത്തിൽ ചേർന്നത്. ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാണ് ഭാര്യ. ആറു മാസം പ്രായമായ ഒരു കുട്ടിയുണ്ട്.

കാണാതായ വ്യോമസേനയുടെ വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്. രണ്ടു ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല. വ്യോമ-കരസേന സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. വ്യോമസേനയുടെ എ.എൻ-32 യാത്രാ വിമാനമാണ് 13 യാത്രക്കാരുമായി കാണാതായത്. സേനയുടെ സി 130, എ.എൻ 31 വിമാനങ്ങളും രണ്ടു ഹെലികോപ്റ്ററുകളും തിരച്ചിലിൽ പങ്കെടുക്കുന്നു.
വിമാനം തകർന്നു വീണിട്ടുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. എന്നാൽ നിബിഢ വനപ്രദേശമാകയാൽ കണ്ടുപിടിക്കാൻ ഏറെ സമയം വേണ്ടിവരും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സൈന്യം അത് തള്ളി. എട്ടു വ്യോമസേനാ ജീവനക്കാരും അഞ്ച് യാത്രക്കാരുമാണ്  വിമാനത്തിലുണ്ടായിരുന്നത്. അരുണാചൽ പ്രദേശിലെ മെചുകയിലെ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിലിറങ്ങേണ്ടിയിരുന്ന വിമാനമാണ് കാണാതായത്. ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ മീറ്റർ മാത്രം അകലെയാണ് ഈ ഗ്രൗണ്ട്.
 

Latest News