തിരുവനന്തപുരം- ഷാർജയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ (56) ആണ് മരിച്ചത്. വിമാനം പറന്നുയർന്ന് മുക്കാൽ മണിക്കൂറിനകം സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ വിമാനം തിരിച്ച് പറന്നെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം എട്ടരയ്ക്കാണ് ഷാർജയിലേക്കുള്ള എയർ ഇന്ത്യ എ.ഐ 967 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത്. ഏതാണ്ട് ഒമ്പതേകാലോടെ സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിൽ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാർ മരിച്ചു. മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം തിരികെ യാത്ര തിരിച്ചു.






