ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്തുകൊണ്ടുള്ള പരാതിയില്‍ അദ്ദേഹം നല്കിയ മറുപടിയിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. അന്വേഷണത്തെ ബാധിക്കുന്നവ, പൊതുതാല്പര്യവുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍, വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.
ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയില്‍ രാഹുലിന്റെ വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിലെയും ഇതിന് രാഹുല്‍ നല്കിയ മറുപടിയിലെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് പി.ടി.ഐയാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. രാഹുല്‍ ഡയറക്ടറായിരുന്ന ബാക്കോപ്സ് ലിമിറ്റഡ് കമ്പനി ഇംഗ്ലണ്ടിലെ കമ്പനി രജിസ്ട്രാര്‍ക്ക് നല്കിയ രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരത്വം നേടിയെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പലതവണ ഈ വിഷയം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രാജ്യസഭാ എം.പി കൂടിയായ സുബ്രഹ്മണ്യന് സാമി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്.
ബ്രിട്ടീഷ് പൗരത്വം നേടിയെന്ന പരാതിയില്‍ തീര്‍പ്പുണ്ടാകും വരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഏതെങ്കിലും ഒരു കമ്പനി രാഹുല്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതിയാല്‍ അങ്ങനെയാകുമോയെന്നായിരുന്നു ഹരജി തള്ളി കോടതി നിരീക്ഷിച്ചത്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന് എം.എല്‍. ശര്‍മ നല്കിയ ഹരജിയും 2015 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.






