Sorry, you need to enable JavaScript to visit this website.

റമദാൻ വ്രതം മുപ്പതും പൂർത്തിയാക്കിയ അപ്പുവിനും നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്- പരിശുദ്ധ റമദാനിലെ മുപ്പത് നോമ്പുകളും പൂർത്തീകരിച്ച അപ്പുവിന് നാളെ ചെറിയ പെരുന്നാൾ. കോഴിക്കോട് ബേപ്പൂരിനടുത്ത മധുര ബസാർ സ്വദേശി നിതിൻ മോഹൻ എന്ന അപ്പുവാണ് 12 വർഷം തുടർച്ചയായി റമദാൻ  വ്രതം നോറ്റ് ശ്രദ്ധേയനാകുന്നത്. മുസ്‌ലിം സുഹൃത്തുക്കളോടുള്ള ഐക്യദാർഢ്യവും നോമ്പിന്റെ പവിത്രതയുമാണ് അപ്പുവിനെ വ്രതത്തിലേക്കാകർഷിച്ചത്.
ഹൈസ്‌കൂൾ പഠനകാലത്താണ് അപ്പു നോമ്പ് നോറ്റു തുടങ്ങിയത്. തന്റെ മുസ്‌ലിം സുഹൃത്തുക്കളുടെ റമദാൻ  കാലത്തെ ദിനചര്യയാണ് അപ്പുവിനെ റമദാൻ  വ്രതം എടുക്കാൻ പ്രേരിപ്പിച്ചത്. പിന്നീട് ഇത് ശാരീരികമായും മാനസികമായും സംതൃപ്തി നൽകുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വർഷാവർഷം പതിവാക്കുകയായിരുന്നു. തന്റെ നോമ്പിന് വീട്ടുകാരും കൂട്ടുകാരും പൂർണപിന്തുണ നൽകിയതും അപ്പുവിന് ആശ്വാസമായി. 
മുസ്‌ലിം സഹോദരങ്ങളെപ്പോലെതന്നെ പുലർച്ചെ അത്താഴത്തിനെഴുന്നേറ്റാണ് അപ്പുവിന്റെ വ്രതവും തുടങ്ങുന്നത്. പുലർച്ചെ കാരക്കയും വെള്ളവും മാത്രമാണ് അപ്പുവിന്റെ അത്താഴം. പിന്നീട് സന്ധ്യാസമയത്ത് മഗ്‌രിബ് ബാങ്ക്‌വിളിക്കുമ്പോൾ നോമ്പ് തുറയും കാരക്കയും വെള്ളവും ഉപയോഗിച്ച് തന്നെ. പിന്നീട് തന്റെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും അമ്മ അപ്പുവിനുള്ള റമദാൻ   വിഭവങ്ങളൊരുക്കിയിട്ടുണ്ടാകും. റമദാനിലെ പത്തിരി തന്നെയാണ് അപ്പുവിനും ഇഷ്ടം. ഏത് തിരക്കിനിടയിലും അമ്മ സന്തോഷത്തോടെ വിഭവങ്ങളൊരുക്കുമെന്ന് അപ്പു പറയുന്നു. ഏക സഹോദരിയും ഷാർജയിലുള്ള പിതാവും അപ്പുവിന്റെ വ്രതാനുഷ്ഠാനത്തിന് പൂർണ പിന്തുണയുമായുണ്ട്. തുടർച്ചയായ പന്ത്രണ്ട് വർഷവും ഇതേ രീതിയിൽ നോമ്പെടുത്തിട്ടും ഒരു പ്രയാസവുമുണ്ടായിട്ടില്ലെന്നും അപ്പു പറയുന്നു. എന്നാൽ കഴിഞ്ഞ വർഷം റമദാനിലെ അവസാനത്തിൽ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോൾ മാത്രമാണ് നാല് നോമ്പുകൾ ഒഴിവാക്കേണ്ടിവന്നത്. നോമ്പുകാരനായ അപ്പു ഒഴിവുദിനങ്ങളിൽ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് നോമ്പു തുറക്കാൻ പോകാറുണ്ട്.
നോമ്പു മുഴുവൻ പൂർത്തിയാക്കിയ അപ്പു പുതുവസ്ത്രവും വാങ്ങി പെരുന്നാളാഘോഷത്തിന്റെ സന്തോഷത്തിലും പങ്കുചേരാറുണ്ട്. സുഹൃത്തുക്കളുടെ വീട്ടിലാണ് അപ്പുവിന്റെ പെരുന്നാൾ. കോഴിക്കോട് ബാങ്ക് റോഡിലെ വ്യാപാരഭവനിൽ ടൈക്കൂൺ ഇന്റർനെറ്റ് കഫെ ജീവനക്കാരനാണ് അപ്പു.
 

Latest News