അബ്ദുൽ അസീസ് ബിൻ സൗദ് പുതിയ ആഭ്യന്തര മന്ത്രി

ജിദ്ദ-അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനാണ് പുതിയ ആഭ്യന്തര മന്ത്രി. അബ്ദുൽ അസീസ് രാജാവിന്റെ മൂന്നാം തലമുറയിൽപെട്ട രാജകുമാരനാണ് അദ്ദേഹം. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അബ്ദുറഹ്മാൻ ബിൻ അലി അൽറുബൈആന് പകരം ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽസാലിമിനെ നിയമിച്ചു. അൽറുബൈആനെ റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. മന്ത്രി റാങ്കോടെയാണ് നിയമനം. റോയൽ കോർട്ട് ഉപദേഷ്ടാവായിരുന്ന ഡോ. നാസിർ ബിൻ അബ്ദുൽ അസീസ് അൽദാവൂദിനെ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു.
ഇറ്റലിയിലെ പുതിയ സൗദി അംബാസഡറായി ഫൈസൽ ബിൻ സത്താം രാജകുമാരനെയും ജർമനിയിലെ സൗദി അംബാസഡറായി ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരനെയും നിയമിച്ചു. ബന്ദർ ബിൻ ഖാലിദ് ബിൻ ഫൈസൽ രാജകുമാരനെയും തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരനെയും അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരനെയും ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽസുദൈരിയെയും റോയൽ കോർട്ട് ഉപദേഷ്ടാക്കളായി നിയമിച്ചിട്ടുണ്ട്. 
ബന്ദർ ബിൻ ഫൈസൽ ബിൻ ബന്ദർ രാജകുമാരനെ ജനറൽ ഇന്റലിജൻസ് അസിസ്റ്റന്റ് പ്രസിഡന്റ് ആയി നിയമിച്ചു. സ്‌പോർട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റ് ആയി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരനെയും അൽജൗഫ് ഡെപ്യൂട്ടി ഗവർണറായി അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി രാജകുമാരനെയും നിയമിച്ചു. 
 

ഏറ്റവും ചെറുപ്പക്കാരനായ ആഭ്യന്തര മന്ത്രി

ജിദ്ദ - ആഭ്യന്തര മന്ത്രിയായി നിയമിക്കപ്പെട്ട അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രിയാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ മൂന്നാം തലമുറയിൽ പെട്ട ഒരു രാജകുമാരൻ ഇത്രയും സുപ്രധാന പദവി വഹിക്കുന്നതും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. അബ്ദുൽ അസീസ് രാജാവിന്റെ മക്കളാണ് എക്കാലവും ആഭ്യന്തര മന്ത്രി പദവി വഹിച്ചിരുന്നത്. ഏറ്റവും ഒടുവിൽ മുൻ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ നിയമനം ഈ പതിവിൽ തിരുത്തൽ വരുത്തി. മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ അബ്ദുൽ അസീസ് രാജാവിന്റെ പേരമകനാണ്. പുതിയ ആഭ്യന്തര മന്ത്രി മൂന്നാം തലമുറയിൽ പെട്ട രാജകുമാരനാണ്. മുൻ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന നായിഫ് രാജകുമാരന്റെ പുത്രനും കിഴക്കൻ പ്രവിശ്യാ ഗവർണറുമായ സൗദ് രാജകുമാരന്റെ മകനാണ് പുതിയ ആഭ്യന്തര മന്ത്രി. മുൻ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് രാജകുമാരൻ നായിഫ് രാജകുമാരന്റെ പുത്രനാണ്. 
അൽദഹ്‌റാൻ സ്‌കൂളിലെ പഠനത്തിനു ശേഷം അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. ഇതിനു ശേഷം വർഷങ്ങളോളം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്നു. പ്രിൻസ് നായിഫ് സുന്നത്ത് അവാർഡ് സുപ്രീം കമ്മിറ്റി അംഗമായി നായിഫ് രാജകുമാരൻ നിയോഗിച്ചിരുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധികാരമേറ്റ ശേഷം റോയൽ കോർട്ട് ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. ഇതിനു ശേഷം പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. ഏറ്റവും ഒടുവിൽ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
മുപ്പത്തിനാലു വയസ്സാണ് പ്രായം. 1983 നവംബർ നാലിനാണ് ജനിച്ചത്. നായിഫ് രാജകുമാരൻ, അഹ്മദ് രാജകുമാരൻ, സൗദ് രാജകുമാരൻ, മുഹമ്മദ് രാജകുമാരൻ എന്നിവരാണ് മക്കൾ.
 

Latest News