സൗദി പൗരന്മാര്‍ക്ക് ട്യൂഷന്‍ ടീച്ചര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വിസ

റിയാദ്- സൗദി പൗരന്മാർക്ക് പുതുതായി മൂന്നു പ്രൊഫഷനുകളിൽപെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിക്കും. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, പ്രൈവറ്റ് ട്യൂഷൻ ടീച്ചർ എന്നീ ജോലികളിലാണ് പുതുതായി വിസ അനുവദിക്കുക.
ഇതുവരെ നാലു പ്രൊഫഷനുകളിൽപെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു മാത്രമാണ് വ്യക്തികളെ അനുവദിച്ചിരുന്നത്. ഇതോടെ ഏഴു പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും. നിരവധി വിദേശികൾക്ക് ഇത് പുതിയ അവസരം തുറക്കും.വേലക്കാരൻ-വേലക്കാരി, ഹൗസ് ഡ്രൈവർ, നഴ്‌സ്-മെയിൽ നഴ്‌സ്, പാചകക്കാരൻ-പാചകക്കാരി എന്നീ നാലു പ്രൊഫഷനുകളിൽപെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് വ്യക്തികൾക്ക് നേരത്തെ അനുമതിയുണ്ടായിരുന്നത്. 
തൊഴിൽ വിസ കാലാവധി ഒരു കൊല്ലത്തിൽനിന്ന് രണ്ടു വർഷമായി ദീർഘിപ്പിക്കുന്ന പദ്ധതിയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന് അധിക ഫീസ് നൽകേണ്ടതില്ല. നേരത്തെ തൊഴിൽ വിസ കാലാവധി രണ്ടു വർഷമായിരുന്നു. സൗദിവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ഇത് പിന്നീട് ഒരു വർഷമായി കുറയ്ക്കുകയായിരുന്നു. 
ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും ബദൽ വിസ അനുവദിക്കുന്ന പദ്ധതിയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന വിദഗ്ധ തൊഴിലാളികൾക്കു പകരം ബദൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കടുംപച്ച, പ്ലാറ്റിനം വിഭാഗം സ്ഥാപനങ്ങൾക്കാണ് വേഗത്തിൽ വിസ അനുവദിക്കുന്നത്. നിലവിൽ മതിയായ യോഗ്യതയുള്ള സൗദി ജീവനക്കാരെ കിട്ടാനില്ലാത്ത പ്രൊഫഷനുകളിൽപെട്ട വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ബദൽ വിസകൾ അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 

Latest News