Sorry, you need to enable JavaScript to visit this website.

ഐ.എസിൽ ചേർന്ന് കൊല്ലപ്പെട്ടത് എട്ടു മലയാളികൾ

കാസർകോട്- ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016 ലും 2017 ലും അഫ്ഗാനിസ്ഥാനിലും സിറിയയിലും എത്തിയ ശേഷം അമേരിക്കയുടെ ഡ്രോൺ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ട് മലയാളികൾ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മലബാറിൽനിന്ന് പോയ മറ്റുള്ളവരെ കുറിച്ച് ബന്ധുക്കൾക്കും എൻ.ഐ.എക്കും യാതൊരു വിവരവും ലഭിച്ചിട്ടുമില്ല എന്നതും ദുരൂഹമാണ്. ഇവരിൽ പലരും മരണപ്പെട്ടുവോ ജീവിച്ചിരിക്കുന്നുണ്ടോ എന്നത് തെളിയിക്കാൻ അടുത്തകാലത്തായി സന്ദേശങ്ങൾ ഒന്നും ബന്ധുക്കൾക്ക് ലഭിക്കുന്നില്ല. 
കാസർകോട് ജില്ലയിലെ നാലുപേരും പാലക്കാട് ജില്ലയിലെ രണ്ടുപേരും കോഴിക്കോട് ജില്ലയിലെ ഒരാളും കൊല്ലപ്പെട്ട കാര്യമാണ് സ്ഥിരീകരിച്ചത്. അഞ്ചു പേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു കൊണ്ട് വീഡിയോ ദൃശ്യം നേരത്തെ ഇവിടെനിന്ന് പോയവർ തന്നെ പുറത്തുവിട്ടിരുന്നു. പടന്നയിലെ അഷ്ഫാഖ് മജീദ് ആണ് ഈ ദൃശ്യങ്ങളും സന്ദേശവും അയച്ചിരുന്നത്. അഷ്ഫാഖ് മജീദ് കൊല്ലപ്പെട്ടുവെന്ന പ്രചാരണവും അതിനിടയിൽ വന്നിരുന്നു. എന്നാൽ ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല. അതിന് ശേഷമാണ് രണ്ടു പേർ കൂടി കൊല്ലപ്പെട്ടത്. 'ഞങ്ങളെ അന്വേഷിക്കേണ്ട ഞങ്ങൾ നേരിട്ട് ദൈവത്തിന്റെ അടുത്തേക്കാണ് എത്തിയത്..' എന്നായിരുന്നു ബന്ധുക്കൾക്കും നാട്ടിലെ സുഹൃത്തുകൾക്കും ഇവർ കൈമാറിയിരുന്ന സന്ദേശം. അബ്ദുൽ റാഷിദ് കൊല്ലപ്പെട്ട ബോംബ് ആക്രമണത്തിൽ മരിച്ച പത്ത് പേരിൽ ഇവിടെ നിന്ന് പോയവർ ഉണ്ടെങ്കിൽ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം ഇതിലും കൂടും. റാഷിദിന്റെ ഭാര്യ എറണാകുളം സ്വദേശി ആയിഷ, കാസർകോട് തൃക്കരിപ്പൂർ ഉടുംബുന്തലയിലെ അബ്ദുൾ റാഷിദ് (30), പടന്ന ആശുപത്രിക്ക് സമീപത്തെ ഹാഫിസുദ്ധീൻ (28), പടന്ന വടക്കേപ്പുറത്തെ മുർഷിദ് അഹമ്മദ് (25), തൃക്കരിപ്പൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപത്തെ ഇസ്മയിലിന്റെ മകൻ മെർവിൻ (29), പാലക്കാട് സ്വദേശി യഹ്യ, കോഴിക്കോട് സ്വദേശി സാജിർ അബ്ദുല്ല മംഗലശേരി എന്നിവർ കൊല്ലപ്പെട്ടുവെന്നാണ് നേരത്തെ ലഭിച്ച വിവരം. പാലക്കാട് സ്വദേശി സിബിയും കൊല്ലപ്പെട്ടതായും പറഞ്ഞിരുന്നു. പടന്നയിൽ നിന്നും സംഘത്തെ കൊണ്ടുപോയ അഷ്ഫാഖ് മജീദ് ടെലിഗ്രാം സന്ദേശം അയച്ചാണ് മരണവിവരം നാട്ടിൽ അറിയിച്ചിരുന്നത്. അതിനിടെ അഷ്ഫാഖ് മജീദും കൊല്ലപ്പെട്ടുവെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഐ.എസിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്ന തൃക്കരിപ്പൂർ സ്വദേശിയായ ഇസ്മയിലിന്റെ മകൻ മെർവിൻ ( 28 ) കൊല്ലപ്പെട്ട വിവരം അഷ്ഫാഖ് മജീദിന്റെ ശബ്ദസന്ദേശമായാണ് നാട്ടിൽ എത്തിയത്. 2016 മെയ് 28 നാണ് തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൾ റാഷിദ്, ഭാര്യ ആയിഷ എന്നിവരോടൊപ്പം മെർവിൻ വീട് വിട്ടിരുന്നത്. തൃക്കരിപ്പൂർ ആയിറ്റിയിൽ പ്രവർത്തിക്കുന്ന പീസ് ഇന്റർനാഷണൽ സ്‌കൂളിലെ ജീവനക്കാരനായിരുന്ന മെർവിൻ സ്‌കൂളിന്റെ ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലേക്ക് പോയതാണ് എന്നാണ് പിന്നീട് വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് പിതാവ് ഇസ്മായിലിനോട് പറഞ്ഞിരുന്നത്. വീട് വിട്ടതിന് ശേഷം കുറെ തവണ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്ന യുവാവിനെ കുറിച്ച് പിന്നീട് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ സ്‌കൂളുകളിൽ നിന്നും ഓരോ പ്രതിനിധിയെ വീതം മുംബൈയിലേക്ക് അയക്കുന്നതിന്റെ ഭാഗമായാണ് മെർവിനും പോയതെന്ന് സ്‌കൂൾ അധികൃതരും അന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മറവിൽ അബ്ദുൽ റാഷിദ് ആയിറ്റിയിലും ഉടുമ്പുന്തലയിലും സംഘടിപ്പിച്ച മതതീവ്രവാദ ക്ലാസുകളിലും മെർവിൻ പങ്കെടുത്തിരുന്നു. പിന്നീടാണ് മെർവിനും സിറിയ വഴി അഫ്ഗാനിലെ ഐ.എസ് ക്യാമ്പിൽ എത്തിയതെന്ന് തിരോധാന കേസ് അന്വേഷിക്കുന്ന എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നു.   

Latest News