Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയിലേക്ക് വരാന്‍ തീരുമാനിക്കേണ്ടത് അബ്ദുല്ലക്കുട്ടി- വി.മുരളീധരന്‍

ന്യൂദല്‍ഹി- മോഡിയെ പുകഴ്ത്തിയതിന്റെ പേരില്‍ സി.പി.എം പുറത്താക്കിയ അബ്ദുല്ലക്കുട്ടിയെ സ്വീകരിച്ച ശേഷം അതേ കാരണത്തിന്റെ പേരില്‍ പുറത്താക്കിയത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരന്‍. കോണ്‍ഗ്രസ് ഗാന്ധിയന്‍ മാതൃകയാണ് പിന്തുടരുന്നതെങ്കില്‍ സത്യത്തെ അറിയാനും മനസ്സിലാക്കാനും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നയങ്ങളുമായി യോജിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്കു കടന്നു വരാം. അബ്ദുല്ലക്കുട്ടി അതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മുന്നിലും ഇത്തരം ഒരാവശ്യം വന്നതായി ഇതുവരെ തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇനി അബ്ദുല്ലക്കുട്ടിയാണ് തീരുമാനിക്കേണ്ടത്. ഞങ്ങള്‍ ആരെയും ക്ഷണിച്ചിട്ടില്ല. നേതാക്കന്‍മാര്‍ക്ക്  ബി.ജെ.പിയില്‍ ഇഷ്ടംപോലെ ഇടമുണ്ടല്ലോ എന്നുമാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വി. മുരളീധരന്‍ മറുപടി നല്‍കിയത്.
മോഡി നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ മോഡിക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിനാണ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. മോഡിയെ വിലയിരുത്തുന്ന കാര്യത്തില്‍ അന്നും ഇന്നും അബ്ദുല്ലക്കുട്ടിക്ക് ഒരേ നിലപാടാണ്.  കോണ്‍ഗ്രസ് പരിഭ്രാന്തിയിലാണ്. കേരളത്തില്‍ കെട്ടിപ്പൊക്കി കൊണ്ടുവന്ന മോഡി വിരുദ്ധ രാഷ്ട്രീയത്തോട് യോജിക്കാത്തവര്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നത് വ്യക്തമാകുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News