Sorry, you need to enable JavaScript to visit this website.

ദക്ഷിണ സൗദിയിലെ വൈദ്യുതി സ്തംഭനം: ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം

ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരനും ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും ചർച്ച നടത്തുന്നു. 

റിയാദ് - ദക്ഷിണ സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി വിതരണം സ്തംഭിച്ചതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. നഷ്ടപരിഹാരമായി ഈ മാസത്തിലെ വൈദ്യുതി ബില്ലിൽ ഇരുപത്തിയഞ്ചു ശതമാനം ഇളവ് ഉപയോക്താക്കൾക്ക് നൽകും. ദക്ഷിണ സൗദിയിലെ ജിസാൻ, അസീർ, നജ്‌റാൻ, അൽബാഹ പ്രവിശ്യകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയത്. വൈദ്യുതി സ്തംഭനത്തിൽ ഉപയോക്താക്കളോട് ക്ഷമാപണം നടത്തിയ സൗദി ഇലക്ട്രിസിറ്റി കമ്പനി ഏറ്റവും മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 
വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് ദക്ഷിണ സൗദിയിൽ സന്ദർശനം നടത്തിവരികയാണ്. ജിസാൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരനുമായി മന്ത്രി ഇന്നലെ ചർച്ച നടത്തി. ജിസാൻ പ്രവിശ്യയിൽ വൈദ്യുതി വിതരണം മുടങ്ങുന്നതിന് ഇടയാക്കിയ കാരണങ്ങളെയും ഏറ്റവും മികച്ച സേവനങ്ങൾ പ്രദേശവാസികൾക്ക് ലഭ്യമാക്കുന്നതിനെയും കുറിച്ചാണ് ഊർജ, വ്യവസായ മന്ത്രിയുമായി ചർച്ച നടത്തിയതെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. ജിസാൻ പ്രവിശ്യയിൽ ഊർജ, വ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതികൾ, ഭാവിയിൽ വൈദ്യുതി വിതരണം സ്തംഭിക്കാതെ നോക്കുന്നതിനുള്ള നടപടികൾ എന്നിവയെല്ലാം കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു. ജനങ്ങളുടെയും തന്ത്രപ്രധാന പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതി ആവശ്യം നിറവേറ്റുന്ന നിലക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് കൂടുതൽ പ്രയത്‌നങ്ങൾ നടത്തണമെന്ന് ഡെപ്യൂട്ടി ഗവർണർ നിർദേശിച്ചു.
 

Latest News