മക്ക ആസ്ഥാനമായി പുണ്യസ്ഥലങ്ങളുടെ  വികസനത്തിന് കമ്പനി

മക്ക - പുണ്യസ്ഥലങ്ങളുടെ വികസനത്തിന് കമ്പനി സ്ഥാപിക്കുന്നതിന് തീരുമാനം. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ അൽസ്വഫാ കൊട്ടാരത്തിൽ ചേർന്ന മക്ക റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡിന്റെ മൂന്നാമത് യോഗത്തിലാണ് പുണ്യസ്ഥലങ്ങളുടെ വികസനത്തിന് റോയൽ കമ്മീഷന്റെ പൂർണ ഉടമസ്ഥതയിൽ ജോയന്റ് സ്റ്റോക്ക് കമ്പനി സ്ഥാപിക്കുന്നതിന് തീരുമാനമായത്. കമ്പനിയുടെ പ്രധാന ആസ്ഥാനം മക്കയിലായിരിക്കും. വർധിച്ചുവരുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് വർഷം മുഴുവൻ ഉപയോഗിക്കുന്നതിന് സാധിക്കും വിധം പുണ്യസ്ഥലങ്ങളുടെ ശേഷി ഉയർത്തുന്നതിനുള്ള പദ്ധികൾ കമ്പനി നടപ്പാക്കും. 


മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും സമഗ്ര വികസനത്തിനുള്ള പദ്ധതി മക്ക റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. പദ്ധതി വിശദാംശങ്ങൾ തയാറാക്കുന്നതിന് യോഗം നിർദേശം നൽകി. മക്കയിലെ ചേരിപ്രദേശങ്ങളുടെ വികസനത്തിനുള്ള പരിഷ്‌കരിച്ച നിയമാവലിയും മക്ക റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകരിച്ചു. 


തീർഥാടർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകിയും മക്കയിൽ ജീവിത നിലവാരം മെച്ചപ്പെടുത്തിയും പ്രദേശത്തിന്റെ ആത്മീയമാനം സംരക്ഷിച്ചും മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും സുസ്ഥിര ഭാവി ലക്ഷ്യമിട്ടാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ മക്ക റോയൽ കമ്മീഷൻ സ്ഥാപിച്ചതെന്ന് കമ്മീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുറഹ്മാൻ അദാസ് പറഞ്ഞു. തീർഥാടകർക്ക് സേവനം നൽകുന്ന കാര്യത്തിൽ പുതിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ട് വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാം സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തതിനോടനുബന്ധിച്ചാണ് മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിന് പ്രത്യേക കമ്പനി സ്ഥാപിക്കൽ അടക്കമുള്ള തീരുമാനങ്ങൾ മക്ക റോയൽ കമ്മീഷൻ കൈക്കൊണ്ടതെന്നും എൻജിനീയർ അബ്ദുറഹ്മാൻ അദാസ് പറഞ്ഞു.

Latest News