റിയാദ് - അയൽ രാജ്യങ്ങൾക്ക് എതിരായ ദിശയിലാണ് ഖത്തർ സഞ്ചരിക്കുന്നതെന്നും ഇത് ഒരിക്കലും ഖത്തർ ജനതക്ക് ഗുണം ചെയ്യില്ലെന്നും ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിന് അഹ്മദ് അൽഖലീഫ പറഞ്ഞു. ഗൾഫ്, അറബ് ഉച്ചകോടികൾ അംഗീകരിച്ച സമാപന പ്രഖ്യാപനങ്ങളിൽ ഖത്തർ വിയോജിപ്പ് പ്രകടിപ്പിച്ചത് പരാമർശിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് ഖത്തർ ജനത. ഉച്ചകോടികളിൽ ഖത്തറിന്റെ പങ്കാളിത്തം ഫലപ്രദമായിരുന്നില്ല. ഉച്ചകോടികളുടെ പ്രാധാന്യത്തിനും ഉച്ചകോടികൾ ചേർന്ന ഗുരുതരമായ സാഹചര്യങ്ങൾക്കും ഉച്ചകോടികളുടെ ലക്ഷ്യങ്ങൾക്കും യോജിക്കുന്നതായിരുന്നില്ല ഖത്തറിന്റെ നിലപാട്. അറബ് ദേശീയ സുരക്ഷ സംരക്ഷിക്കൽ, അറബ്, ഇസ്‌ലാമിക് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കൽ, മേഖലയിൽ സുരക്ഷ യും സമാധാനവും ശക്തമാക്കുന്ന തരത്തിൽ സഹകരണം ശക്തമാക്കൽ എന്നിവയാണ് ഉച്ചകോടികളിലൂടെ ലക്ഷ്യമിട്ടത്.
ഗൾഫ് ഉച്ചകോടി അംഗീകരിച്ച സമാപന പ്രഖ്യാപനത്തിൽ ഖത്തർ പ്രകടിപ്പിച്ച വിയോജിപ്പ് സഹോദര രാജ്യങ്ങളുമായുള്ള തങ്ങളുടെ ബന്ധം തീർത്തും ദുർബലമാണെന്നാണ് വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധികളിൽനിന്ന് രക്ഷിക്കുന്നതിന് മധ്യവർത്തികളുടെ സഹായം ഖത്തർ തേടുന്നു. മറ്റു രാജ്യങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ചാണ് ഖത്തർ പ്രവർത്തിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ തമ്മിലെ ബന്ധം ശക്തമാക്കുന്നതിന് ഖത്തർ മുൻഗണന നൽകുന്നില്ലെന്നാണ് ഖത്തറിന്റെ വിയോജിപ്പ് വ്യക്തമാക്കുന്നത്.
സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും മുന്നോട്ടുവെച്ച നീതിപൂർവകമായ ആവശ്യങ്ങളുമായി ഖത്തർ അനുകൂലമായി പ്രതികരിക്കാത്തത് നിലവിലെ പ്രതിസന്ധി അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണ്. ഖത്തർ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകുന്നതിൽ തങ്ങൾക്ക് താൽപര്യമില്ല. എന്നാൽ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഖത്തർ ആഗ്രഹിക്കുന്നില്ല.മക്ക ഉച്ചകോടികൾ ലക്ഷ്യം നേടിയിട്ടുണ്ട്. അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്ന സൃഷ്ടിപരമായ ഫലങ്ങൾ ഉച്ചകോടി നൽകി.
വെല്ലുവിളികൾ തരണം ചെയ്യുന്നതിനുള്ള നിശ്ചയദാർഢ്യം ഇവ പ്രതിഫലിപ്പിക്കുന്നതായും ബഹ്‌റൈൻ വിദേശ മന്ത്രി ശൈഖ് ഖാലിദ് ബിന് അഹ്മദ് അൽഖലീഫ പറഞ്ഞു.