പൂക്കോട്ടുംപാടം ക്ഷേത്ര കവർച്ച: പ്രതിക്ക് രണ്ടു വർഷം തടവ്

 മോഹനകുമാർ.

നിലമ്പൂർ- വർഗീയ സംഘർഷത്തിനു സാധ്യത സൃഷ്ടിച്ച പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ കവർച്ച കേസിലെ പ്രതിക്ക് തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം കിളിമാനൂർ തെക്കുവിള മോഹനകുമാറി(45)നാണ് നിലമ്പൂർ ഒന്നാം ക്ലാസ് മുനിസിപ്പൽ മജിസ്‌ട്രേറ്റ് കോടതി രണ്ടു വർഷം തടവും നാലായിരം രൂപ പിഴയും വിധിച്ചത്. 2017 നാണ് കേസിനാസ്പദമായ സംഭവം. വില്ല്വത്ത് നാലമ്പലത്തിന്റെ ഓടിളക്കി അകത്തു കടന്ന പ്രതി ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ചു തകർത്തു അകത്തു കയറി ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങൾ തച്ചുതകർത്തിരുന്നു. ഇതു വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് പ്രതി മോഹനകുമാർ പോലീസിന്റെ പിടിയിലാകുന്നത്. അന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പിയായിരുന്ന എം.പി. മോഹനചന്ദ്രന്റെയും നിലമ്പൂർ സി.ഐ ദേവസ്യയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് പ്രതി തൊട്ടടുത്ത ദിവസം പിടിയിലായത്്. തിരുവനന്തപുരത്തെ ഒരു ക്ഷേത്ര ജീവനക്കാരിയെ കൊലപ്പെടുത്തി കുളത്തിൽ താഴ്ത്തി നാടുവിട്ടു നിലമ്പൂരിൽ ഒളിവിൽ താമസിച്ച് വരവെയാണ് പൂക്കോട്ടുംപാടം, നടുവത്ത് എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിൽ മോഹനകുമാർ കവർച്ച നടത്തിയത്. നടുവത്തെ ക്ഷേത്ര കവർച്ച കേസിലും ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. 

Latest News