Sorry, you need to enable JavaScript to visit this website.

നിപ: സ്ഥിരീകരണം വന്നിട്ടില്ല, സംശയമേയുള്ളൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - നിപ വീണ്ടും സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകളെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടില്ല. രോഗിക്ക് നിപ ഉള്ളതായി സംശയമുണ്ടെന്നു മാത്രമാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറോളജി ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനാകൂ. അതിനുശേഷം മാത്രമേ വിഷയത്തില്‍ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുകയുള്ളൂ. രോഗം ഉണ്ടെങ്കില്‍ തന്നെ നേരിടാനുള്ള എല്ലാ സംവിധാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നേരത്തെ, ചികിത്സയിലുള്ള യുവാവില്‍ നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും രോഗമുള്ളതായി സംശയിക്കുന്നുവെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞിരുന്നു. രോഗം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും സ്വീകരിച്ചതായും നിപ കൈകാര്യം ചെയ്തു പരിചയമുള്ള കോഴിക്കോട്ട് നിന്നടക്കമുള്ള വിദഗ്ധര്‍ കൊച്ചിയിലെത്തുമെന്നും അവര്‍ അറിയിച്ചു.

അതിനിടെ, നിപാ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 50 പേര്‍ നിരീക്ഷണത്തിലാണ്. നിപ ബാധ സംശയിക്കുന്ന യുവാവിനോട് അടുത്തിടപഴകിയവര്‍ അടക്കമുള്ളവരെയാണ് നിരീക്ഷിച്ചുവരുന്നത്. രോഗം നേരിടാനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കളമശ്ശേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്.
 

Latest News