ഫലസ്തീന് സ്വയം നിര്‍ണയാവകാശമുണ്ട്; എന്നാല്‍, സ്വയം ഭരിക്കാനുള്ള ശേഷി അവര്‍ക്കില്ലെന്ന് ജാരദ് കുഷ്‌നര്‍

വാഷിങ്ടണ്‍ - ഫലസ്തീനികള്‍ക്ക് സ്വയം നിര്‍ണയാവകാശമുണ്ടെന്നും എന്നാല്‍ അവര്‍ക്ക് സ്വയം ഭരിക്കാനുള്ള ശേഷി ഇപ്പോള്‍ അവര്‍ക്കില്ലെന്നും യു.എസ് പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് ജാരദ് കുഷ്‌നര്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കുഷ്‌നര്‍ അഭിപ്രായ പ്രകടനം നടത്തിയത്.

ഫലസ്തീന് ഇസ്രാഈല്‍ സൈന്യത്തില്‍ നിന്നും സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് യു.എസ് പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോടാണ് കുഷ്‌നര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ മരുമകന്‍ കൂടിയായ കുഷ്‌നറാണ് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന യു.എസ് പശ്ചിമേഷ്യന്‍ സമാധാന പദ്ധതിയുടെ മുഖ്യ നിര്‍മാതാവും. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ അടുത്ത മാസം യു.എസ് ആഭിമുഖ്യത്തില്‍ നടക്കാനിരിക്കുന്ന പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ പദ്ധതി പുറത്തുവിടുമെന്നാണു കരുതപ്പെടുന്നത്. രണ്ടു വര്‍ഷത്തോളമായി വളരെ രഹസ്യരൂപത്തിലാണ് കുഷ്‌നറുടെ നേതൃത്വത്തില്‍ സമാധാന പദ്ധതി തയാറാകുന്നത്. സമാധാന സമ്മേളനം ബഹിഷ്‌ക്കരിക്കുമെന്ന് ഫലസ്തീന്‍ അറിയിച്ചിട്ടുണ്ട്.

ഫലസ്തീനികള്‍ക്ക് സ്വയം നിര്‍ണയാവകാശമുണ്ടെന്നു തന്നെയാണ് താന്‍ ചിന്തിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ സമാധാന പദ്ധതി പുറത്തുവരുന്നതുവരെ വിശദവിവരങ്ങള്‍ നല്‍കുന്നില്ല. അവര്‍ ഇസ്രാഈല്‍ ഇടപെടലില്ലാതെ ഘട്ടംഘട്ടമായി സ്വയം ഭരണശേഷി ആര്‍ജിക്കുമായിരിക്കും. ഫലസ്തീനില്‍ സ്വതന്ത്രമായ നിയമവ്യവസ്ഥയും മാധ്യമസ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മതസഹിഷ്ണുതയും ഉണ്ടാകേണ്ടതുണ്ടെന്നും കുഷ്‌നര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ദ്വിരാഷ്ട്ര പരിഹാര ഫോര്‍മുലയെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.


 

Latest News