ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് യു.എസ്; വാക്കസര്‍ത്തെന്നു പറഞ്ഞു തള്ളി ഇറാന്‍

വാഷിങ്ടണ്‍/തെഹ്‌റാന്‍ - ഇറാനുമായി വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് അമേരിക്ക. ഇത്തവണ കുറച്ചുകൂടി കടന്ന് പൂര്‍ണമായും ഉപാധിരഹിതമായ ചര്‍ച്ചയ്ക്കു തയാറാണെന്നാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അറിയിച്ചിരിക്കുന്നത്. എന്നാല്‍, അമേരിക്കയുടേത് വെറും വാക്കസര്‍ത്ത് മാത്രമാണെന്നു പറഞ്ഞ് ഇറാന്‍ യു.എസ് വാഗ്ദാനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഒരു മുന്നുപാധിയുമില്ലാതെ ഇറാനുമായി ചര്‍ച്ച നടത്താന്‍ തങ്ങള്‍ ഒരുക്കമാണ്. ഇറാന്‍ തുടര്‍ന്നുവരുന്ന അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക മാത്രമാണ് അടിസ്ഥാനപരമായി അമേരിക്ക ലക്ഷ്യമിടുന്നതെന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്വിസ് വിദേശകാര്യ മന്ത്രി ഇഗ്‌നാസിയോ കാസിസുമായി ചേര്‍ന്നു നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പോംപിയോ പറഞ്ഞു.

എന്നാല്‍, വാക്കസര്‍ത്തുകളെ തങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി വ്യക്തമാക്കി. പുത്തന്‍ രൂപങ്ങളില്‍ അവതരിപ്പിക്കുന്ന അമേരിക്കയുടെ ഹിഡന്‍ അജന്‍ഡകളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഉപാധികളൊന്നുമില്ലാതെ അമേരിക്ക ചര്‍ച്ചയ്ക്കു തയാറായത് ഇറാന്റെ ശക്തിയാണ് കാണിക്കുന്നതെന്ന് പോംപിയോയുടെ പ്രസ്താവനയോട് പ്രതികരിക്കവെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ശത്രുക്കള്‍ ചിലപ്പോള്‍ പറയുന്നു, ഇറാനുമായി ചര്‍ച്ച നടത്തണമെങ്കില്‍ തങ്ങള്‍ക്ക് ഉപാധികളുണ്ടെന്ന്.

നേരത്തെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചിരുന്നു. ഇറാന്‍ ഒരുക്കമാണെങ്കില്‍ നേരിട്ട് ചര്‍ച്ചയാകാമെന്നും വേണ്ടിവന്നാല്‍ പുതിയ ആണവ കരാര്‍ ഉണ്ടാക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയ്ക്കുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നായിരുന്നു ഇതിനോട് ഇറാന്‍ പ്രതികരിച്ചത്.

Latest News