Sorry, you need to enable JavaScript to visit this website.

മുലക്കണ്ണ് നിരോധം: ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് തുണിയുരിഞ്ഞ് പ്രതിഷേധം

ന്യൂയോര്‍ക്ക്- പുരുഷന്മാരുടെ മുലക്കണ്ണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നതു പോലെ സ്ത്രീകളുടെ നിപ്പിള്‍സും പ്രദര്‍ശിപ്പിക്കാന്‍ ഫെയ്‌സ് ബുക്കും ഇന്‍സ്റ്റഗ്രാമും അനുവദിക്കണമെന്ന ആവശ്യവുമായി നഗ്നരായ ഡസന്‍ കണക്കിനു വനിതകള്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. സമൂഹ മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
ന്യൂയോര്‍ക്കിലെ ഫെയ്‌സ് ബുക്ക് ആസ്ഥാനത്തിനു മുന്നില്‍ സ്ത്രീകളും പുരുഷന്മാരുമായി നൂറോളം പേരാണ് നഗ്‌നരായി പ്രതിഷേധിച്ചത്.


പുരുഷ നിപ്പിളിന്റെ വലിയ ചിത്രം കൊണ്ട് സ്വകാര്യ ഭാഗങ്ങള്‍ മറച്ചുപിടിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് വീ ദ നിപ്പിള്‍   പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഗ്രാബ് ദെം ബൈ ദ ബാലറ്റ് എന്ന വനിതാ അവകാശ സംഘടനയും പ്രതിഷേധ സമരത്തില്‍ പങ്കാളികളായി. പരിസ്ഥിതി ബോധവല്‍ക്കരണത്തിനും സമരങ്ങള്‍ക്കുമായി സ്ത്രീകളുടേയും പുരുഷന്മാരുടേയും നഗ്നചിത്രങ്ങള്‍ സ്‌പെന്‍സര്‍ ട്യൂണിക്ക് പകര്‍ത്തുകയും അത് വ്യാപക ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന 120 ലേറെ വലിയ ഫോട്ടോ ഷൂട്ടുകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വഴി  സ്ത്രീ നഗ്‌നത സെന്‍സര്‍ ചെയ്യുന്നതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
ന്യൂയോര്‍ക്കില്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ട്യൂണിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച തുണിയുരിഞ്ഞുള്ള പ്രകടനം നടക്കുന്നതുവരെ എവിടെയായിരിക്കും സമരമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രം ആസ്ഥാനത്തിന്റെ എതിര്‍വശത്ത് അലാമോയിലാണ് പ്രതിഷേധക്കാര്‍ അപ്രതീക്ഷിതമായി സംഘടിച്ചത്.

സ്ത്രീ ശരീരത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ശാക്തീകരണം നടത്തിവരുന്ന ഗ്രാബ് ദെം ബൈ ദ ബാലറ്റ് 2020 ലെ തെരഞ്ഞെടുപ്പ് സ്ത്രീകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പ്രചാരണങ്ങളുടെ ഭാഗമായി ഫെയ്‌സ ്ബുക്കില്‍ പങ്കുവെക്കുന്ന സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് തുടര്‍ച്ചയായി നീക്കം ചെയ്യുന്നതാണ് ഇവര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. മാതൃദിനത്തിന് വേണ്ടി തയ്യാറാക്കിയ ചിത്രവും ഈ രീതിയില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് സംഘടനാ സ്ഥാപകയായ ഡൗണ്‍ റോബേര്‍ട്ടസണ്‍ പറഞ്ഞു.

നഗ്ന ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ ഫെയ്‌സ് ബുക്കും ഇന്‍സ്റ്റഗ്രാമും അനുവദിക്കുന്നില്ല. എന്നാല്‍ പെയിന്റിംഗുകളിലും ശില്‍പങ്ങളിലും ഇത്  അനുവദിക്കുന്നുണ്ട്. നഗ്നതാ നിരോധം കാരണം തങ്ങളുടെ സൃഷ്ടികള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് നിരവധി ആര്‍ടിസ്റ്റുകള്‍ പരാതിപ്പെടുന്നു.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്‌നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല. സമൂഹത്തില്‍ എല്ലാവര്‍ക്കും ഇത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ് ബുക്ക് അത് നിയന്ത്രിക്കുന്നത്. എന്നാല്‍ സമരങ്ങള്‍, ബോധവല്‍ക്കരണം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി പലകാരണങ്ങളാല്‍ നഗ്‌നത പങ്കുവെക്കപ്പെടുമെന്ന്  മനസ്സിലാക്കുന്നുവെന്നും അത്തരം കാരണങ്ങള്‍ വ്യക്തമാണെങ്കില്‍ ആ ഉള്ളടക്കങ്ങള്‍ അനുവദിക്കുമെന്നും ഫെയ്‌സ് ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കാരണങ്ങള്‍ ബോധ്യപ്പെടുത്തുക പ്രയാസകരമാണ്.

 

 

Latest News