Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപ ബാധയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

കൊച്ചി - കടുത്ത പനിയെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലുള്ള യുവാവിന് നിപയാണെന്നു സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം ഉച്ചയോടെ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സംഭവത്തില്‍ അനാവശ്യ ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ ബാധിതരെ ചികിത്സിച്ചു പരിചയമുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തുന്നുണ്ട്. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്റെ ഉപദേശം തേടുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

അതേസമയം, തൃശൂരല്ല നിപയുടെ ഉറവിടമെന്ന് തൃശൂര്‍ ഡി.എം.ഒ വ്യക്തമാക്കി. യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര്‍ നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിച്ചു. 

ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ഒരു സ്ഥാപനത്തിലാണ് യുവാവ് പഠിച്ചത്. തൃശൂരില്‍ നടന്ന ഒരു ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്. നിപ സംശയം ഉയര്‍ന്ന ഉടന്‍ തന്നെ ഇവിടങ്ങളിലൊക്കെ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Latest News