ഇ-മെയില്‍ ഹാക്ക് ചെയ്ത് മുന്‍ ചീഫ് ജസ്റ്റിസില്‍നിന്ന് ഒരു ലക്ഷം തട്ടി

മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ

ന്യൂദല്‍ഹി- സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി അദ്ദേഹം ദല്‍ഹി പോലീസില്‍ പരാതി നല്‍കി. ലോധയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് ബി.പി.സിംഗിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ ദല്‍ഹി പോലീസ് കേസെടുത്ത് സൈബര്‍ വിംഗിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

ബന്ധുവിന് ചികിത്സാ ആവശ്യാര്‍ഥം ഒരു ലക്ഷം രൂപ ഉടന്‍ ആവശ്യമുണ്ടെന്ന്് കാണിച്ച് മേയ് 19-ന് രാത്രി ബി.പി.സിംഗിന്റെ മെയില്‍ ഐഡിയില്‍നിന്ന് ജസ്റ്റിസ് ലോധക്ക് ഒരു സന്ദേശം ലഭിക്കുകയായിരുന്നു. തന്റെ കൈവശം പണം കുറവാണെന്നും ഒരു ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നായിരുന്നു ആവശ്യം. പണം നല്‍കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു.

ജസ്റ്റിസ് ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചു. മുമ്പ് പലതവണ ബി.പി.സിംഗുമായി ഇതേ ഇ-മെയില്‍ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയതിനാല്‍  സംശയമൊന്നും തോന്നിയിരുന്നില്ല.

മേയ് 30-ന് ബി.പി.സിംഗിന്റെ മറ്റൊരു ഇ മെയില്‍ വന്നപ്പോഴാണ് ജസ്റ്റിസ് ലോധ താന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തന്റെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും ഇപ്പോഴാണ് ശരിയായതെന്നുമായിരുന്നു മെയില്‍. തുടര്‍ന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ദല്‍ഹി പോലീസിനെ സമീപിക്കുകയുമായിരുന്നു.

 

Latest News