Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ ബീഫ് തീറ്റിച്ചുവെന്ന് പറയുന്ന ഇന്ത്യക്കാരന്റെ പ്രശ്‌നം തൊഴില്‍ കരാര്‍

റിയാദ്- ജിദ്ദയില്‍ തൊഴിലുടമ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചെന്ന് ആരോപിച്ച് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശിയുടെ വിഷയത്തില്‍ ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും ഇടപെട്ടു.

മാണിക് ചതോപധ്യായയെന്ന റെസ്‌റ്റോറന്റ് ജീവനക്കാരനാണ് തന്നെ തൊഴിലുടമ നിര്‍ബന്ധിച്ച ബീഫ് കഴിപ്പിക്കുകയാണെന്നും ജോലിയില്‍ താല്‍പര്യമില്ലെന്നും നാട്ടിലെത്തിക്കണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇയാള്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം കോണ്‍സുലേറ്റും എംബസിയും വിഷയത്തിലിടപ്പെട്ടത്.

തൊഴിലുടമ ബീഫ് കഴിപ്പിച്ചതായി അറിയില്ലെന്നും റെസ്‌റ്റോറന്റ് ജോലിയില്‍ താല്‍പര്യമില്ലാത്തതിനാല്‍ മറ്റേതെങ്കിലും ജോലി നേടുകയോ അല്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാണ് മാണിക് ആവശ്യപ്പെട്ടതെന്നും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡി.സി.എം) സുഹൈല്‍ അജാസ് ഖാന്‍ മലയാളം ന്യുസിനോട് പറഞ്ഞു.

വിഷയം സംബന്ധിച്ച് തൊഴിലുടമയുമായും റിക്രൂട്ട്‌മെന്റ് ഏജന്‍സിയുമായും സംസാരിച്ചിട്ടുണ്ട്. പക്ഷേ തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കാത്തതിനാല്‍ വിഷയത്തിലിടപെടാന്‍ പരിമിതികളുണ്ടെന്നും എങ്കിലും ആവശ്യമായ നീക്കങ്ങളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ഡി.സി.എം പറഞ്ഞു.

ഇന്ത്യയില്‍നിന്ന് റിക്രൂട്ട് ചെയ്തു കൊണ്ടുവരുന്ന തൊഴിലാളികള്‍ കരാര്‍ തീരുന്നതിനു മുമ്പ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാല്‍ സ്‌പോണ്‍സര്‍മാര്‍ വിസാ ചെലവ് ആവശ്യപ്പെടാറുണ്ട്. കമ്പനി 15,000 റിയാല്‍ ആവശ്യപ്പെടുന്നുണ്ടെന്ന് മാണിക് ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

Latest News