Sorry, you need to enable JavaScript to visit this website.

റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ  ആവശ്യം അംഗീകരിക്കുന്നു

റിയാദ് - റിക്രൂട്ട്‌മെന്റ് മേഖലാ സ്ഥാപനങ്ങൾക്ക് ബാധകമാക്കാനിരിക്കുന്ന ഏകീകൃത കരാറുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റ് ഓഫീസുകൾ പ്രകടിപ്പിച്ച വിയോജിപ്പുകൾ പഠിക്കാമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. ഇതിനായി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രതിനിധികളെയും മന്ത്രാലയ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിക്കും. ഏകീകൃത കരാർ അടുത്ത മാസാദ്യം മുതൽ നടപ്പാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. 


റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രതിനിധികളായി അഞ്ചു പേരെയും മന്ത്രാലയത്തിൽ നിന്നുള്ള അഞ്ചു മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നതിനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഏകീകൃത കരാറുമായി ബന്ധപ്പെട്ട് റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന 1200 ലേറെ നിക്ഷേപകർ കഴിഞ്ഞ വ്യാഴാഴ്ച മന്ത്രാലയ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 


മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽറശൂദി യോഗത്തിൽ സംബന്ധിച്ചു. മൂന്നര മണിക്കൂർ നീണ്ട യോഗത്തിൽ റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പ്രകടിപ്പിച്ച നിർദേശങ്ങളും വിയോജിപ്പുകളും പഠിക്കുന്നതിന് സംയുക്ത കമ്മിറ്റി രൂപീകരിക്കുന്നതിന് തീരുമാനത്തിലെത്തുകയായിരുന്നു. 
റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പ്രകടിപ്പിച്ച മുഴുവൻ വിയോജിപ്പുകളും ചർച്ച ചെയ്യുന്നതിന് തുറന്ന മനസ്സാണ് മന്ത്രാലയത്തിലെ ഉന്നതർ പ്രകടിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് നിരക്ക് വർധിക്കുന്നതിന് ഇടയാക്കുന്ന ഏകീകൃത കരാറിലെ വകുപ്പുകൾ വീണ്ടും പഠിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും യോഗത്തിൽ ധാരണയിലെത്തി. 


ഏകീകൃത കരാർ പ്രകാരം ഉപയോക്താക്കളുമായി കരാർ ഒപ്പുവെച്ച് 90 ദിവസത്തിനകം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ നൽകിയിരിക്കണം. 
ഇതിന് കാലതാമസം വരുത്തുന്ന സ്ഥാപനങ്ങൾക്ക് തൊട്ടടുത്ത ദിവസം മുതൽ കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തുന്നതിന് ഏകീകൃത കരാർ അനുശാസിക്കുന്നുണ്ട്. ഇത് റിക്രൂട്ട്‌മെന്റ് നിരക്ക് ഉയരുന്നതിന് ഇടയാക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏകീകൃത കരാറിലെ മറ്റേതാനും വ്യവസ്ഥകളും വകുപ്പുകളും തങ്ങൾക്ക് പ്രതികൂലമാണെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പറയുന്നു. ഇക്കാര്യങ്ങളെല്ലാം സംയുക്ത കമ്മിറ്റി വിശദമായി പഠിക്കും.
 ആകെ എട്ടു വിയോജിപ്പുകളാണ് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ പ്രകടിപ്പിച്ചിരിക്കുന്നത്. 

Latest News