ലഖ്‌നൗ- ഉത്തർപ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിച്ചേക്കില്ല. ബൂത്ത് തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്നതു വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം. 11 നിയമസഭാ സാമാജികർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുന്നത്.
തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുമ്പ് പാർട്ടിയെ താഴെ തട്ടിൽനിന്ന് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എമാരും എം.പിമാരുമടങ്ങിയ ഒരു കൂട്ടം നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
2022 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയാറെടുപ്പുകൾ നടത്താനാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. പാർട്ടി പ്രവർത്തകരെ സജ്ജരാക്കുന്നതിൽ ബി.ജെ.പിയെ കണ്ട് പഠിക്കണം. പാർട്ടിയെ താഴെ തട്ടിൽനിന്ന് ഉയർത്തി കൊണ്ടുവരുന്നതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരായിരിക്കണമെന്നും യു.പിയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.