ന്യൂദൽഹി- കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. നരേന്ദ്ര മോഡി മന്ത്രിസഭയിലെ മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകൾ വ്യാജമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രണ്ട് ഡിലിറ്റ് ബിരുദങ്ങൾ ഓപൺ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990 ൽ ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് പൊഖ്രിയാലിന്റെ ബയോഡാറ്റയിലെ വിവരം. എന്നാൽ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാലയില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ വർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടി അപൂർണമായിരുന്നു. ആധുനിക ജ്യോതിശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ലെന്നും പ്രാചീന ഇന്ത്യയിലെ സന്ന്യാസിയായിരുന്ന കണാദനാണ് ആദ്യം പരീക്ഷണം നടത്തിയതെന്നും പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചതെന്നുമുള്ള പൊഖ്രിയാലിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും സ്മൃതി ഇറാനിക്കെതിരെയും വ്യാജ ബിരുദ ആരോപണങ്ങൾ ഉയർന്നിരുന്നു. ദൽഹി സർവകലാശാലയുടെ വിദൂര പഠന സംവിധാനത്തിലൂടെ ബിരുദത്തിന് ചേർന്നു എങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് സ്മൃതി ഇറാനി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയിരുന്നു.