Sorry, you need to enable JavaScript to visit this website.

അമേരിക്കയുമായുള്ള യുദ്ധം ലോകത്തിനു ദുരന്തമാകും; തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് ചൈനയുടെ മുന്നറിയിപ്പ്

സിംഗപൂര്‍- യുഎസുമായുള്ള യുദ്ധം ലോകത്തിന് ഒരു ദുരന്തമാകുമെന്നും തങ്ങളുടെ സുരക്ഷാ തര്‍ക്കങ്ങളില്‍ ഇടപെടേണ്ടെന്നും ചൈനയുടെ മുന്നറിയിപ്പ്. ദക്ഷിണ ചൈന കടല്‍, തായ്‌വാന്‍ വിഷയങ്ങളില്‍ ഇടപെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവസാനം വരെ പൊരുതുമെന്നും ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെ മുന്നറിയിപ്പു നല്‍കി. സിംഗപൂരില്‍ ഷാംഗ്രി-ലാ പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ചൈനയുടെ സൈനിക നീക്കങ്ങള്‍ തീര്‍ത്തും സ്വയം പ്രതിരോധം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇതിനെതിരെ ആക്രമണമുണ്ടായാല്‍ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2011നു ശേഷം ആദ്യമായാണ് ഒരു ചൈനീസ് പ്രതിരോധ മന്ത്രി ഈ ഉച്ചകോടിയില്‍ സംസാരിക്കുന്നത്. ഏഷ്യയിലെ ചൈനയുടെ പെരുമാറ്റം കൂടുതല്‍ കാലം നോക്കിനില്‍ക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം പ്രസംഗിച്ച അമേരിക്കയുടെ അക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹന്‍ പ്രസംഗിച്ചിരുന്നു. ഇതിനു മറുപടിയാണ് ശക്തമായി ഭാഷയില്‍ ചൈന നല്‍കിയത്.

ആക്രമിക്കപ്പെടാതെ ഒരിക്കലും തിരിച്ച് ആക്രമണത്തിന് ചൈന മുതിരില്ലെന്നും വെയ് പറഞ്ഞു. യുഎസും ചൈനയും തമ്മില്‍ പോരാട്ടമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സംഘര്‍ഷവും യുദ്ധവും ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും ദുരന്തമാകുമെന്ന് ഇരു കൂട്ടരും തിരിച്ചറിയുന്നു- അദ്ദേഹം പറഞ്ഞു. 

തായ്‌വാനെ സഹായിക്കുന്ന യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങളെ തുടര്‍ന്നാണ് ചൈനയുടെ മുന്നറിയിപ്പ്. സ്വയംഭരണമുള്ള ജനാധിപത്യ രാജ്യമായ തായ് വാനുമായി യുഎസ് കൂടുതല്‍ അടുപ്പം കാണിച്ചുതുടങ്ങിയതും ചൈനയില്‍ നിന്നും തായ്‌വാനെ വേര്‍ത്തിരിക്കുന്ന തായ് വാന്‍ കടലിടുക്ക് വഴി യുഎസ് നാവിക സേന കപ്പലുകള്‍ കടന്നു പോയതിലും ചൈന അപകടം മണക്കുന്നുണ്ട്.


 

Latest News