മുംബൈ- കൊച്ചുവേളിയില്‍നിന്ന് ഇന്‍ഡോറിലേക്ക് പോകുകയായിരുന്ന ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസില്‍ മലയാളി യാത്രക്കാരെ കൊള്ളയടിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് മങ്കി സ്റ്റേഷനും ഹൊന്നാവര്‍ സ്റ്റേഷനുമിടയിലാണ് സംഭവം. ഉഡുപ്പിക്കുശേഷം കാര്‍വാറിലേ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ടായിരുന്നുള്ളൂ. എന്നാല്‍ മോഷ്ടാവ് കവര്‍ച്ചസാധനങ്ങളുമായി അധികം വേഗതയില്ലാതിരുന്ന തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു.
മേയ് 31-ന് രാവിലെ കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട ട്രെയിനിലെ എസ് 6 കമ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നത്. രണ്ടു മലയാളി വീട്ടമ്മമാരാണ് മോഷണത്തിനിരയായത്. കായംകുളത്തുനിന്ന് പനവേലിലേക്ക് യാത്ര ചെയ്തിരുന്ന പത്തനംതിട്ട മാത്തൂര്‍ അടകല്‍ വീട്ടില്‍ റെജി വര്‍ഗീസിന്റെ അമ്മ പൊന്നമ്മ തോമസിന്റെ ബാഗാണ് ആദ്യം കവര്‍ന്നത്. ഇത് റെജിയും അമ്മയും അറിഞ്ഞില്ല. പൂനെ പിംപ്രി വാസ്വാണി ലെയ്നില്‍ താമസിക്കുന്ന റെജിയുടെ അമ്മയ്ക്ക് 5,000 രൂപയും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്.
അമ്മ നല്ല ഉറക്കത്തിലായിരുന്നുവെന്നും സമീപത്തുകിടന്ന മറ്റൊരു സ്ത്രീയുടെ ബാഗ് നഷ്ടപ്പെട്ടപ്പോള്‍ ഒച്ചവെച്ചതു കേട്ട് ഉണര്‍ന്നപ്പോഴാണ് കാര്യമറിഞ്ഞതെന്നും റെജി വര്‍ഗീസ് പറഞ്ഞു. അപ്പോള്‍തന്നെ ടി.ടി.ആറിനെ അറിയിച്ചിട്ടും രാവിലെയാണ് പരാതി സ്വീകരിച്ചതെന്നും ട്രെയിന്‍ രത്‌നഗിരിയില്‍ എത്തിയപ്പോള്‍ പരാതി ആര്‍.പി.എഫിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
ആലുവായില്‍ നിന്ന് ഗുജറാത്തിലെ വാപ്പിയിലേക്ക് യാത്രചെയ്ത രവി പിള്ളയുടെ കുടുംബത്തിന് വിലപിടിപ്പുള്ള രേഖകളും വീടിന്റെ താക്കോലും 20,000 രൂപയും പത്തു ഗ്രാം സ്വര്‍ണവും മൊബൈലും വാച്ചും നഷ്ടപ്പെട്ടു. രവി പിള്ളയുടെ ഭാര്യ വനജയുടെ വാനിറ്റി ബാഗാണ് മോഷ്ടാവ് കൊണ്ടുപോയത്. കാലടി സ്വദേശിയായ രവി പിള്ള സില്‍വാസയില്‍ ടെക്സ്‌റ്റൈല്‍ കമ്പനി ജോലിക്കാരനാണ്. ഭാര്യയും രണ്ടു കുട്ടികളുമൊത്താണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.
ബാഗ് ചുരിദാറിന്റെ ദുപ്പട്ടയില്‍ കെട്ടി കാലില്‍ കുരുക്കിയാണ് ഉറങ്ങിയത്. മോഷ്ടാവ് ബാഗ് വലിച്ചപ്പോള്‍ താന്‍ അറിഞ്ഞുവെന്നും എന്നാല്‍ പിടികൂടാന്‍ കഴിയുന്നതിനു മുമ്പ് ബാഗും ദുപ്പട്ടയുമടക്കം ട്രെയിനില്‍നിന്ന് ചാടിയെന്നും വനജ പറഞ്ഞു.