കോട്ടയം- കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആലുവ സ്വദേശിയും മദ്രസാ അധ്യാപകനുമായ യൂസഫ് കൂടുതല്‍ കുട്ടികളെ ഇരകളാക്കിയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പോലീസിന് പരാതി നല്‍കിയതെങ്കിലും കഴിഞ്ഞ ജനുവരി മുതല്‍ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി പീഡനം നടന്നുവെന്ന് പോലീസ് പറയുന്നു.
വൈക്കത്ത് കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആലുവ കടുങ്ങല്ലൂര്‍ സ്വദേശി യൂസഫാണ് തലയോലപറമ്പ് പോലിസിന്റെ പിടിയിലായത്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയം പീഡിപ്പിച്ചുവെന്നാണ് പരാതി.
പീഡനത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. രണ്ട് വര്‍ഷം മുമ്പാണ് യൂസഫ് അധ്യാപകനായി മണകുന്നത്ത് ചുമതലയേറ്റത്. മദ്രസയില്‍ പഠിപ്പിക്കുന്നതിനിടെയുള്ള സമയത്തായിരുന്നു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനടക്കം ഇരയാക്കിയത്. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ ആദ്യം മഹല്ല് കമ്മറ്റിയില്‍ പരാതി നല്‍കി. ഇതോടെ അധ്യാപകനെ പുറത്താക്കി. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ പ്രതി ഒളിവില്‍ പോയി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കൊടുങ്ങല്ലൂരില്‍ പിടിയിലായത്.
കൂടുതല്‍ കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായതായി പോലിസ് സംശയിക്കുന്നു. യൂസഫിനെ മണകുന്നത്തെത്തിച്ച് തെളിവെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.