രാജ്യത്തെ 84 വിമാനത്താവളങ്ങളില്‍ ഒരു വര്‍ഷത്തിനകം ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കും

ന്യൂ ദല്‍ഹി - അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 84 വിമാനത്താവളങ്ങളില്‍ ബോഡി സ്‌കാനറുകള്‍ ഘടിപ്പിക്കും. നിലവിലെ മെറ്റര്‍ ഡിറ്റക്ടര്‍, കൈകൊണ്ടു പരിശോധിക്കുന്ന സ്‌കാനറുകള്‍ എന്നിവ മാറ്റിയാണ് ശരീരം മുഴുവന്‍ പൂര്‍ണമായി പരിശോധിക്കുന്ന ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

2020 മാര്‍ച്ചോടെ സ്‌കാനറുകള്‍ പൂര്‍ണമായി സ്ഥാപിക്കണമെന്ന് വിമാനത്താവളങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ സംവിധാനങ്ങള്‍ വഴി നോണ്‍ മെറ്റാലിക് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെത്താനാവാത്തതിനെ തുര്‍ന്നാണ് ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്. മെറ്റല്‍, നോണ്‍ മെറ്റല്‍ ഇനത്തില്‍പെട്ട വസ്തുക്കളെല്ലാം ബോഡി സ്‌കാനറുകള്‍ വഴി കണ്ടെത്താനാകുമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി(ബി.സി.എ.എസ്) കഴിഞ്ഞ ഏപ്രിലില്‍ വിമാനത്താവളങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 105 വിമാനത്താവളങ്ങളില്‍ 28 എണ്ണം അതീവ സുരക്ഷയുള്ള ഹൈപ്പര്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ അടക്കമുള്ള വന്‍നഗരങ്ങളിലും ജമ്മു കശ്മിര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അടക്കമുള്ള പ്രശ്‌നബാധിത മേഖലകളിലും സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളാണ് ഈ ഗണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 56 വിമാനത്താവളങ്ങള്‍ സെന്‍സിറ്റീവ് ഗണത്തിലും ഉള്‍പ്പെടുന്നതാണ്. ഈ 84 വിമാനത്താവളങ്ങളിലാണ് ഇപ്പോള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ ഉത്തരവായിരിക്കുന്നത്.

ബോഡി സ്‌കാനറുകളെ കുറിച്ചു സുരക്ഷാ ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ നീക്കം. ജാക്കറ്റുകള്‍, കട്ടിയുള്ള വസ്ത്രങ്ങള്‍, ഷൂ, ബെല്‍റ്റ് എന്നിവ അഴിച്ചുവേണം യാത്രക്കാര്‍ ബോഡി സ്‌കാനറില്‍ പ്രവേശിക്കാന്‍. എന്നാല്‍, ഭീഷണിയുള്ള വസ്തുക്കളുടെ ഗ്രാഫിക്കല്‍ പടങ്ങള്‍ പകര്‍ത്തുന്ന രീതിയിലാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്നും ആളുകളുടെ ചിത്രങ്ങള്‍ പകര്‍ത്തില്ലെന്നുമാണ് ഇതിനു മറുപടിയായി അധികൃതര്‍ പറയുന്നത്.
 

Latest News