ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനെത്തിയവരെ പാക് അധികൃതര്‍ തടഞ്ഞു

ന്യൂദല്‍ഹി- പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ പാക്കിസ്ഥാന്‍ അധികൃതര്‍ തടഞ്ഞ് തിരിച്ചയച്ചു.  ഇസ്ലാമാബാദിലെ ഹോട്ടല്‍ സെറിനയില്‍ ശനിയാഴ്ചയായിരുന്നു വിരുന്ന്. ഇവിടെ എത്തിയ നൂറോളം അതിഥികളെയാണ് പാക് അധികൃതര്‍ തിരിച്ചയച്ചതെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. ബലപ്രയോഗത്തിലൂടെ തിരിച്ചയക്കപ്പെട്ട അതിഥികളോട് ക്ഷമാപണം അറിയിക്കുന്നുവെന്നും ഇത്തരം തടഞ്ഞുവെക്കല്‍ നീക്കം വളരെ നിരാശപ്പെടുത്തുന്നതാണെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ പറഞ്ഞു. ഇത് ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് ഗുണകരമല്ല. ഇത് നയതന്ത്ര പെരുമാറ്റത്തിന്റെ അടിസ്ഥാന ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കരുതെന്ന് ചില അതിഥികളോട് പാക് അധികൃതര്‍ നേരിട്ട് അറിയിച്ചിരുന്നതായും റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ മാസം ലാഹോറിനടുത്ത ഗുരുദ്വാര സച്ച സൗദ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ നിയോഗിച്ച് രണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പാക് അധികൃതര്‍ പിടികൂടി ഒരു മുറിയില്‍ 20 മിനിറ്റോളം അടച്ചിട്ടിരുന്നു. ഈ സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചത്തെ സംഭവം.
 

Latest News