Sorry, you need to enable JavaScript to visit this website.

ക്രൈസ്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല; ആരോപണം നിഷേധിച്ച് കണ്ണന്താനം

തിരുവനന്തപുരം- കേന്ദ്ര മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്ന പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത്തരമൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് അറിയാം. സത്യത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.  
ടൂറിസം വകുപ്പിന്റെ ചുമതല വഹിച്ച 18 മാസം  കൊണ്ട് കേരളത്തില്‍ ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 70 കോടി രൂപ , മലബാര്‍ ക്രൂയിസ് സര്‍ക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി രൂപ എന്നിവ അനുവദിച്ചിട്ടുണ്ട്.  77 ക്ഷേത്രങ്ങളും, 42 ക്രിസ്ത്യന്‍ പള്ളികളും, 20 മുസ്ലിം പള്ളികളും ഉള്‍പ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി രൂപ അനുവദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വസ്തുതകള്‍ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളില്‍ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും കണ്ണന്താനം പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാന്‍ പക്ഷപാതപരമായി ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ചു എന്നൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ യാതോരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അറിയിച്ചുകൊള്ളട്ടെ, സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് അറിയാം, സത്യത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ല. ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയില്‍ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങള്‍ മാത്രമേ എല്ലാവര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ളൂ. മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളാണ്.

നിരവധി കാര്യങ്ങള്‍ കേന്ദ്ര മന്ത്രിയായിരിക്കെ രാജ്യത്തിന്റെ പലഭാഗത്തും ചെയ്തിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഇവിടെ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തില്‍ ശ്രീനാരായണ തീര്‍ത്ഥാടന സര്‍ക്യൂട്ടിന് 70 കോടി രൂപ , മലബാര്‍ ക്രൂയിസ് സര്‍ക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വല്‍ സര്‍ക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. സ്പിരിച്വല്‍ സര്‍ക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉള്‍പ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമര്‍പ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി അറിയിക്കുന്നു.

വസ്തുതകള്‍ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളില്‍ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

Latest News