കൊച്ചി- വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി കലാഭവൻ സോബി. അപകടം നടന്നയുടൻ സംഭവസ്ഥലത്ത് സംശയകരമായ രീതിയിൽ രണ്ടു പേരെ താൻ കണ്ടിരുന്നുവെന്നും ഇവർ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും സോബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അപകടം നടന്നതിനു പിന്നാലെ താൻ അതുവഴി വാഹനത്തിൽ പോകുന്നതിനിടയിലാണ് ഇത് കണ്ടതെന്നും സോബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബാലഭാസ്‌കറുടെ കാർ അപകടത്തിൽപെട്ട് പത്തു മിനുട്ടിനു ശേഷമാണ് തിരുനെൽവേലിക്കു പോകുന്നതിനായി അതുവഴി പോയതെന്ന് സോബി പറഞ്ഞു. ബാലഭാസ്‌കറുടെ വാഹനമാണ് അപകടത്തിൽപെട്ടതെന്ന് താൻ അപ്പോൾ അറിഞ്ഞിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ റോഡിന്റെ ഇടതു സൈഡിലൂടെ ഏകദേശം ഇരുപത് മുതൽ 25 വരെ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ഓടുന്നതാണ് താൻ കണ്ടത്. വലതു വശത്ത് അൽപം പ്രായം തോന്നുന്ന വണ്ണമുള്ള ഒരാൾ ബൈക്ക് സ്റ്റാർട്ടായിട്ടും കാലുകൊണ്ടു തള്ളിക്കൊണ്ടു മുന്നോട്ടു പോകുന്നുണ്ടായിരുന്നു. അപകടം കണ്ട് താൻ ഹോൺ അടിച്ചെങ്കിലും ഇവർ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ അവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോൾ എന്തോ പന്തികേടുള്ളതായി തോന്നിയിരുന്നുവെന്നും സോബി പറയുന്നു. ബാലഭാസ്‌കറാണ് അപകടത്തിൽ പെട്ടതെന്ന് പിന്നീടാണ് അറിയുന്നത്. ഇതിനു ശേഷം തന്റെ സുഹൃത്തും ബാലഭാസ്‌കറിന്റെ ബന്ധുവുമായ മധു ബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് മധു ബാലകൃഷ്ണൻ പറഞ്ഞതനുസരിച്ച് പ്രകാശ് തമ്പിയെ വിളിച്ചു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അദ്ദേഹത്തിൽ നിന്നും നല്ല പ്രതികരണമല്ല ലഭിച്ചതെന്നും സോബി പറയുന്നു. പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹം താൽപര്യം കാണിച്ചില്ല. തുടർന്ന് അദ്ദേഹം ഫോൺ കട്ട് ചെയ്തു. പിന്നീട് പത്തു മിനിറ്റിന് ശേഷം പ്രകാശ് തമ്പി തന്നെ തിരിച്ചു വിളിച്ചു. ആറ്റിങ്ങൽ സി.ഐ വിളിക്കും, അപ്പോൾ ഇക്കാര്യം മൊഴിയായി കൊടുക്കുമോയെന്നും ചോദിച്ചു. കൊടുക്കാമെന്ന് താൻ പറഞ്ഞു. എന്നാൽ ഇതുവരെ തന്നെയാരും വിളിച്ചിട്ടില്ലെന്നും സോബി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഇക്കാര്യം പറയാൻ തയാറാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറുടെ മരണത്തിൽ ഒട്ടേറെ സംശയങ്ങളുണ്ട്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്ന കാര്യത്തിൽ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയും വണ്ടിയുടെ ഡ്രൈവറും രണ്ടു തരത്തിലാണ് പറയുന്നതെന്നും സോബി പറഞ്ഞു.
എന്നാൽ, സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ ഭാര്യ ലക്ഷ്മി നിഷേധിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ലക്ഷ്മി നിഷേധക്കുറിപ്പ് ഇറക്കിയത്. വിഷ്ണുവും തമ്പിയും ബാലഭാസ്‌കറിന്റെ മാനേജർമാരാണെന്ന പ്രചാരണം തെറ്റാണെന്നും ചില പരിപാടികളുടെ കോ-ഓർഡിനേഷൻ ഇവർ നടത്തിയിരുന്നതായും ലക്ഷ്മി പറയുന്നു. ഇതിനുള്ള പ്രതിഫലം നൽകിയിട്ടുമുണ്ട്. ഇതല്ലാതെ മറ്റു ഔദ്യോഗിക കാര്യങ്ങളിലൊന്നും ഇവർക്ക് പങ്കില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.






