ആഭ്യന്തര സഹമന്ത്രി വിവാദത്തോടെ തുടങ്ങി; ഹൈദരാബാദ് ഭീകരതയുടെ സുരക്ഷിത താവളം

ന്യൂദല്‍ഹി- രാജ്യത്ത് എവിടെ ഭീകരാക്രമണം നടന്നാലും അതിന്റെ അടിവേര് ഹൈദരാബാദിലായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോഡി സര്‍ക്കാരിലെ ആഭ്യന്തര സഹമന്ത്രമാരില്‍ ഒരാളുടെ വിവാദത്തോടെയുള്ള തുടക്കം. ഭീകരര്‍ക്ക് സുരക്ഷിത കേന്ദ്രമാണ് ഹൈദരാബാദെന്നും അദ്ദേഹം ആരോപിച്ചു.

 

ബംഗ്ലാദേശില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ള അനധികൃത താമസക്കാര്‍ പഴയ നഗരത്തില്‍ തമ്പടിച്ചിരിക്കയാണെന്നും ഇവര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.
ഹൈദരാബാദ് നഗരത്തെ ഭീകരതയുടെ കേന്ദ്രമാക്കിയ ബി.ജെ.പി മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നു. തെലങ്കാന രാഷ്ട്രസമിതിയും (ടി.ആര്‍.എസ്) ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസിയും മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു.
ചുതലയേറ്റിട്ടില്ല, അതിനു മുമ്പുതന്നെ മന്ത്രി പദവിക്ക് യോജിക്കാത്ത തരത്തില്‍ ലജ്ജാകരമാണ് റെഡ്ഡിയുടെ പരാമര്‍ശമെന്ന് ഉവൈസി പറഞ്ഞു. പക്ഷേ, എവിടെ മുസ്്‌ലിംകളെ കണ്ടാലും ഭീകരരായി തോന്നുന്ന ബി.ജെ.പിക്കാരില്‍നിന്ന് ഇത്രമാത്രമേ പ്രതീക്ഷിക്കാനാവൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മത ആഘോഷങ്ങളും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും നടക്കുന്ന പ്രദേശമാണ് ഹൈദരാബാദ്. ബംഗളൂരു കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കേന്ദ്രം കൂടിയാണ്. എന്തുകൊണ്ടാണ് ബി.ജെ.പിക്കാര്‍ക്ക് തെലങ്കാനയോടും ആന്ധ്രപ്രദേശിനോടും ഇത്രമാത്രം അസൂയ. തെലങ്കാന വളരുന്നത് അവര്‍ക്ക് കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല-അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഉയര്‍ന്ന തെഴിലില്ലായ്മ നിരക്കും മോശം സാമ്പത്തിക വളര്‍ച്ചയും ചൂണ്ടിക്കാട്ടിയും ഉവൈസി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ബി.ജെ.പി വോട്ടര്‍മാര്‍ തല്ലിക്കൊല്ലുന്നവരുടെ കണക്ക് മാത്രമേ കാര്യമാക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ നിരക്കും ജി.ഡി.പി നിരക്കും കഴിഞ്ഞ ദിവസം പുറത്തുവന്നു. തൊഴിലില്ലെങ്കിലും തല്ലിക്കൊല്ലുന്നവരുടെ നിരക്ക് 5-6 ശതമാനം തന്നെ തുടരണമാണെന്നാണ് മോഡിയുടെ വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നത് -ഉവൈസി പറഞ്ഞു.

 

 

Latest News