ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി പദവി ഇന്ത്യക്ക് നഷ്ടമായി

ജി.ഡി.പി നിരക്ക് അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍


ന്യൂ ദല്‍ഹി - ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന പദവി ഇന്ത്യക്ക് നഷ്ടമായി. ചൈനയാണ് ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്.

2019ലെ ആദ്യ മൂന്നു മാസം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കു സംഭവിച്ച ക്ഷീണമാണ് ഇന്ത്യക്ക് സ്ഥാനം നഷ്ടമാക്കിയത്. 5.8 ശതമാനമാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി നിരക്ക് കൂടിയാണിത്. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ ഇത് 6.6 ശതമാനമായിരുന്നു. എന്നാല്‍, ചൈന 6.4 ജി.ഡി.പി നിരക്കാണ് ഇക്കഴിഞ്ഞ പാദത്തില്‍ സ്വന്തമാക്കിയത്. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന ഇന്ത്യയെ പിന്തള്ളുന്നത്.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പുറത്തുവരുന്ന ആദ്യത്തെ ആഭ്യന്തര ഉല്‍പാദന നിരക്കാണിത്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇന്ത്യ അതിവേഗത്തില്‍ വളരുന്ന രാജ്യമെന്ന പദവി സ്വന്തമാക്കിയത്. കാര്‍ഷിക  നിര്‍മാണ മേഖലകളിലെ മോശം പ്രകടനമാണ് ജി.ഡി.പി നിരക്കിനെ ബാധിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് എറ്റവും കുറഞ്ഞ ഡി.ജി.പി നിരക്ക് ഇതിനു മുന്‍പ് രേഖപ്പെടുത്തിയത്.

Latest News