ന്യൂ ദല്‍ഹി - പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ തടഞ്ഞാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബംഗാളില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയായ ദേബശ്രീ ചൗധരി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുമായി പരസ്പര തിരിച്ചറിവോടെ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ മറ്റു മേഖലകളില്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ വിഘാതം നല്‍കില്ലെന്നാണു പ്രതീക്ഷ. സര്‍ക്കാര്‍ തടയുകയാണെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അത്തരം തടസങ്ങള്‍ മാറ്റുമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.
പ.ബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് ദേബശ്രീ ചൗധരി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നിലവില്‍ വന്ന മോഡി മന്ത്രിസഭയില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ സഹചുമതലയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്.