ന്യൂദല്‍ഹി- ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഓരോ ദിവസവും പോരാടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശനിയാഴ്ച രാവിലെ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസ എംപിമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ ഇപ്പോഴും നാം 52 പേരുണ്ട്. ഓരോ ദിവിസവും ബിജെപിക്കെതിരെ പൊരുതും. നാം ആരാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. നാം ഒരോ ഇന്ത്യക്കാരനും വേണ്ടിയാണ് പൊരുതുന്നത്. വിദ്വേഷവും ഭീരുത്വവും രോഷവുമാണ് നമുക്കെതിരെ പൊരുതുന്നത്. നാം കൂടുതല്‍ ആക്രമോത്സുകരാകേണ്ടിയിരിക്കുന്നു- രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ അംഗീകരിച്ചത് രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയേക്കുമെന്ന സുചനയായി വിലയിരുത്തപ്പെടുന്നു. ഇനി ലോക്‌സഭയില്‍ പാര്‍ട്ടിയെ ആരു നയിക്കും എന്നതു സംബന്ധിച്ചും തീരുമാനമാകാനുണ്ട്.
നേരത്തെ മല്ലികാര്‍ജുന്‍ ഖര്‍ഗെയായിരുന്നു ലോക്‌സഭയിലെ പാര്‍ട്ടി നേതാവ്. എന്നാല്‍ ഇത്തവണ അദ്ദേഹം കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ ബിജെപിയോട് തോറ്റു. പഴയമുഖങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സന്തോഷവാനാകുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ഖര്‍ഗെയ്ക്കു പുറമെ രാഹുലിനോട് ഏറെ അടുപ്പമുള്ള ജ്യോതിരാദിത്യ സിന്ധ്യയും തോറ്റിരുന്നു.






