ന്യൂദല്‍ഹി- സോണിയാ ഗാന്ധിയെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ രാജ്യസഭാ, ലോക്‌സഭാ എംപിമാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങള്‍ പിന്താങ്ങുകയും സോണിയയെ തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രമേയം പാസാക്കുകയും ചെയ്തു. ഇനി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാര്‍ട്ടിയെ ആരു നയിക്കണമെന്ന് സോണിയ തീരുമാനിക്കും. ലോക്‌സഭയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കണമെന്നാണ് ആവശ്യം. എന്നാല്‍ അധ്യക്ഷ പദവിയില്‍ രാജിവെക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന രാഹുല്‍ ഈ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണ ഈ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ആയിരുന്നു ലോക്‌സഭയിലെ പാര്‍ട്ടി നേതാവായത്. ഇത്തവണയും രാഹുല്‍ വിസമ്മതിച്ചാല്‍ ശശി തരൂര്‍ അടക്കമുള്ളവര്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
സോണിയയെ നേതാവായി തിരഞ്ഞെടുത്തയുടന്‍ യോഗ നപടികള്‍ അവസാനിപ്പിച്ചു. ലോക്‌സഭയില്‍ ആരാകും നേതാവ് എന്നതു സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായില്ല. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 15നു ശേഷമെ ആരംഭിക്കൂവെന്നതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തോട് അടുത്തായിരിക്കും ലോക്‌സഭാ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുക.