ന്യൂദൽഹി- പാർട്ടി അനിശ്ചിതത്വങ്ങളുടെ നടുവിൽ നട്ടം തിരിഞ്ഞു നിൽക്കവേ ശനിയാഴ്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം. രാഹുൽ ഗാന്ധി ലോക്‌സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസ്-എൻ.സി.പി ലയനം നടക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി ലോക്‌സഭ പാർട്ടി കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. സഭയിൽ സർക്കാരിന് എതിരെ കൂട്ടായ്മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നും വാദിക്കുന്നു. ഇന്ന് ചേരുന്ന കോൺഗ്രസ് എം.പി മാരുടെ യോഗത്തിലാണ് കക്ഷി നേതാവിനെ തിരഞ്ഞെടുക്കുക. രാഹുൽ ഗാന്ധി അല്ലെങ്കിൽ ബംഗാളിൽ നിന്നുള്ള എം.പി അധിർ രഞ്ജൻ ചൗധരി, ശശി തരൂർ എന്നിവരിലൊരാൾക്കാണ് സാധ്യത. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് രാഹുൽ ഗാന്ധിയോട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പി മാർ ആവശ്യപ്പെടും.
ഒരുമിച്ച് ലോക്‌സഭാ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസും എൻ.സി.പിയും ആലോചിക്കുന്നുണ്ട്. 52 സീറ്റുകൾ ഉള്ള കോൺഗ്രസ് അഞ്ചു സീറ്റുകൾ ഉള്ള എൻ.സി.പിയും ഒരുമിച്ചാൽ പ്രതിപക്ഷ നേതാവ്, കക്ഷി സ്ഥാനങ്ങൾക്ക് വേണ്ട 55 സീറ്റ് ലഭിക്കും.അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ലോക്‌സഭയിലും പവാർ രാജ്യസഭയിലും പ്രതിപക്ഷ നേതാവ് ആവുമെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ, ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയം വിലയിരുത്താൻ ഇന്നലെ ചേരാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം റദ്ദാക്കിയിരുന്നു. ചില പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് നേതാക്കൻമാരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ദൽഹിയിൽ പവാറിന്റെ വസതിയിലെത്തിയാണ് രാഹുൽ ചർച്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രാഹുൽ തുടരണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടതായാണ് വിവരം. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും രാഹുലിനോട് രാജി വെയ്ക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ കാണാൻ കൂട്ടാക്കാതെയാണ് രാഹുൽ പവാറിനെ അങ്ങോട്ടു പോയി കണ്ടത്.