Sorry, you need to enable JavaScript to visit this website.

ആഭ്യന്തരം ഷാ ഭരണത്തിലേക്ക്, മന്ത്രിമാരുടെ പൂർണ പട്ടിക

ന്യൂദൽഹി- പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചപ്പോൾ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായ്ക്ക് ആഭ്യന്തര വകുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പേഴ്‌സണൽ കാര്യം, പൊതുഭരണം, ആണവോർജം, ബഹിരാകാശം എന്നിവ ഉൾപ്പെടെ മറ്റു മന്ത്രിമാർക്കു വീതിച്ചു നൽകിയിട്ടില്ലാത്ത വകുപ്പുകളുടെ ചുമതലയും വഹിക്കും. 
കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗിന് ഇത്തവണ പ്രതിരോധ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പൂർണ ചുമതല വഹിച്ച നിർമല സീതാരാമന് ഇത്തവണ നിർണായക വകുപ്പായ ധനകാര്യ മന്ത്രാലയം ലഭിച്ചു. ഇതിന് പുറമേ നിർമല സീതാരാമന് കമ്പനികാര്യ വകുപ്പിന്റെയും ചുമതലയുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന ബഹുമതിയും നിർമല സീതാരാമനെ തേടിയെത്തി. 
മുൻ വിദേശകാര്യ സെക്രട്ടറിയും നയതന്ത്ര വിദഗ്ധനുമായ എസ്. ജയശങ്കറാണ് രണ്ടാം മോഡി സർക്കാരിലെ വിദേശകാര്യ മന്ത്രി. കേരളത്തിൽനിന്നുള്ള വി. മുരളീധരൻ വിദേശകാര്യ മന്ത്രാലയത്തിന്റയും പാർലമെന്ററികാര്യ വകുപ്പിന്റെയും ചുമതലയുള്ള സഹമന്ത്രിയാണ്. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിലും പുതുമുഖങ്ങളായി എത്തുന്നത് അമിത്ഷായും എസ്. ജയശങ്കറുമാണ്. 
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന സഹമന്ത്രിയും മുൻ കരസേന മേധാവിയും ആയിരുന്ന ജനറൽ വി.കെ സിംഗിൽ നിന്നാണ് മുരളീധരനിലേക്ക് വിദേശകാര്യ സഹമന്ത്രി സ്ഥാനം എത്തുന്നത്. പകരം ഇത്തവണ വി.കെ സിംഗിന് ലഭിച്ചതാകട്ടെ ഗതാഗത വകുപ്പിലെ സഹമന്ത്രി സ്ഥാനമാണ്. 
മുൻ മാനവശേഷി വികസന മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കറിന് ഇത്തവണ പരിസ്ഥിതി വകുപ്പിന്റെ ചുമതല ലഭിച്ചു. രമേശ് പൊഖ്‌റിയാൽ ആണ് പുതിയ മാനവ വിഭവശേഷി മന്ത്രി. രവിശങ്കർ പ്രസാദ് രണ്ടാം തവണയും നിയമമന്ത്രിയായി തുടരും. ഇതിന് പുറമേ കമ്യൂണിക്കേഷൻസ്, ഐടി വകുപ്പിന്റെയും ചുമതല വഹിക്കും. മുഖ്താർ അബ്ബാസ് നഖ്‌വി തന്നെയാണ് ഇത്തവണയും ന്യൂനപക്ഷകാര്യ മന്ത്രി. സ്മൃതി ഇറാനിക്ക് വനിത ശിശുക്ഷേമ വകുപ്പിന്റെയും ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന്റെയും ചുമതലയാണ്. നിതിൻ ഗഡ്കരി ഗതാഗതവകുപ്പിൽ തുടരും. ഒപ്പം ചെറുകിട വ്യവസായ വകുപ്പിന്റെയും ചുമതലയുണ്ട്. 
ബിജെപി അധ്യക്ഷനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയ്യുമായ അമിത്ഷാ ധനമന്ത്രിയാകും എന്നായിരുന്നു സൂചനകൾ. എന്നാൽ ഇന്നലെ ഉച്ചയോടെ വകുപ്പുകൾ സംബന്ധിച്ചു രാഷ്ട്രപതി ഭവൻ അംഗീകരിച്ച ലിസ്റ്റ് വന്നപ്പോൾ ആഭ്യന്തരം അമിത്ഷായുടെ കൈകളിലായി. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അമിത്ഷാ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നു. 

കാബിനറ്റ് മന്ത്രിമാർ

    * പ്രധാനമന്ത്രി നരേന്ദ്ര മോഡി: 
      പേഴ്‌സനൽ, പൊതുഭരണം, ആണവോർജം, സ്‌പേസ്, നയപരമായ കാര്യങ്ങൾ, മറ്റു മന്ത്രിമാർക്കു നൽകാത്ത വകുപ്പുകൾ
    * രാജ്‌നാഥ് സിംഗ്: പ്രതിരോധം
    * അമിത് ഷാ : ആഭ്യന്തരം
    * എസ്. ജയശങ്കർ : വിദേശകാര്യം
    * നിതിൻ ഗഡ്കരി : റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ, ചെറുകിട വ്യവസായം,
    * സദാനന്ദ ഗൗഡ : വളം, രാസവസ്തു
    * നിർമല സീതാരാമൻ : ധനകാര്യം, കമ്പനികാര്യം
    * രാംവിലാസ് പസ്വാൻ: ഉപഭോക്തൃകാര്യം, ഭക്ഷ്യ, പൊതുവിതരണം
    * നരേന്ദ്ര സിംഗ് തോമർ: കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ്
    * രവിശങ്കർ പ്രസാദ്: നിയമം, കമ്യൂണിക്കേഷൻസ്, ഐ.ടി
    * തവർചന്ദ് ഗെലോട്ട്: സാമൂഹ്യനീതി
    * ഹർസിമ്രത് കൗർ ബാദൽ : ഭക്ഷ്യസംസ്‌കരണം
    * രമേശ് പൊഖ്‌റിയൽ: മനുഷ്യവിഭവശേഷി
    * അർജുൻ മുണ്ട: ആദിവാസി ക്ഷേമം
    * സ്മൃതി ഇറാനി: വനിത ശിശുക്ഷേമം, ടെക്‌സ്‌റ്റൈൽസ്
    * ഡോ. ഹർഷവർധൻ: ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതികം
    * പ്രകാശ് ജാവഡേക്കർ: പരിസ്ഥിതി, വാർത്താവിതരണം
    * പിയൂഷ് ഗോയൽ:  റെയിൽവേ, വാണിജ്യ, വ്യവസായം
    * ധർമേന്ദ്ര പ്രധാൻ: പെട്രോളിയം, പ്രകൃതിവാതകം, സ്റ്റീൽ
    * മുഖ്താർ അബ്ബാസ് നഖ്‌വി: ന്യൂനപക്ഷ ക്ഷേമം
    * പ്രഹഌദ് ജോഷി: പാർലമെന്ററികാര്യം, കൽക്കരി, ഖനി
    * മഹേന്ദ്രനാഥ് പാണ്ഡേ: സ്‌കിൽ ഡവലപ്‌മെന്റ്
    * അരവിന്ദ് സാവന്ത്: ഖനവ്യവസായം, പൊതുമേഖല
    * ഗജേന്ദ്ര സിംഗ് ശെഖാവത്: ജലം
    * ഗിരിരാജ് സിംഗ്: മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
    

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

    * സന്തോഷ് ഗാംഗ്‌വർ: തൊഴിൽ    
    * റാവു ഇന്ദർജീത് സിംഗ്: സ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാനിംഗ്
    * ശ്രീപദ് നായിക്: ആയുഷ്, പ്രതിരോധ സഹമന്ത്രി
    * ജിതേന്ദ്ര സിംഗ്: വടക്കു കിഴക്കൻ വികസനം, പി.എം.ഒ
    * കിരൺ റിജ്ജു: യുവജനകാര്യം, കായികം, ന്യൂനപക്ഷകാര്യ സഹമന്ത്രി
    * പ്രഹഌദ് സിംഗ് പട്ടേൽ: സാംസ്‌കാരികം, ടൂറിസം
    * രാജ്കുമാർ സിംഗ്: വൈദ്യുതി, ഊർജം
    * ഹർദീപ് സിംഗ്: ഭവനം, നഗര വികസനം, വ്യോമയാനം
    * മൻസുഖ് മണ്ഡാവിയ: ഷിപ്പിംഗ്

സഹമന്ത്രിമാർ

    * വി. മുരളീധരൻ: വിദേശം, പാർലമെന്ററികാര്യം
    * അശ്വനികുമാർ ചൗബ്ബേ: ആരോഗ്യം, കുടുംബക്ഷേമം
    * അർജുൻ രാം മേഘ്‌വാൾ: പാർലമെന്ററികാര്യം
    * വി.കെ സിംഗ്: ഗതാഗതം, ഹൈവേ
    * കൃഷ്ണപാൽ: കുടുംബക്ഷേമം
    * ദാൻവേ റാവു സാഹിബ്: ഉപഭോക്തൃകാര്യം, ഭക്ഷ്യം
    * ജി. കൃഷ്ണ റെഡ്ഡി: ആഭ്യന്തരം
    * പുരുഷോത്തം രുപാല: കൃഷി
    * രാംദാസ് അത്താവലെ: സാമൂഹ്യനീതി ശാക്തീകരണം
    * സാധ്‌വി നിരഞ്ജൻ ജ്യോതി: ഗ്രാമവികസനം
    * ബാബുൽ സുപ്രിയോ: വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം
    * സഞ്ജീവ്കുമാർ ബല്യാൻ:  മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
    * സഞ്ജയ് ശ്യാമറാവു ധോത്രേ: മാനവവിഭവശേഷി, കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി
    * അനുരാഗ് താക്കൂർ:  ധനം, കോർപറേറ്റ് കാര്യം
    * സുരേഷ് അംഗാടി: റെയിൽവേ
    * നിത്യാനന്ദ് റായി: ആഭ്യന്തരം
    * രത്തൻ ലാൽ ഖട്ടാരിയ: ജലം, സാമൂഹ്യനീതി, ശാക്തീകരണം
    * രേണുക സിംഗ്: ഗോത്രകാര്യം
    * സോം പ്രകാശ്: വാണിജ്യം, വ്യവസായം
    * രാമേശ്വർ തേലി: ഭക്ഷ്യസംസ്‌കരണം
    * പ്രതാപ് ചന്ദ്രസാരംഗി: ചെറുകിട വ്യവസായം, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം
    * കൈലാഷ് ചൗധരി: കൃഷി കർഷക ക്ഷേമം
    * ദേബാശ്രീ ചൗധരി: വനിതാ, ശിശുക്ഷേമം
    * ഫഗൻ സിംഗ് കുലസ്‌തേ: സ്റ്റീൽ


 

Latest News