Sorry, you need to enable JavaScript to visit this website.

മഅ്ദിൻ പ്രാർഥനാ  സമ്മേളനം സമാപിച്ചു

മലപ്പുറം- വിശുദ്ധ റമദാനിൽ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി ആയിരങ്ങൾ മേൽമുറിയിലെ സ്വലാത്ത് നഗറിലെത്തി. റമദാനിലെ അവസാന വെള്ളിയാഴ്ചയും 27-ാം രാവും സംഗമിച്ച വിശുദ്ധ ദിനത്തിൽ മേൽമുറി മഅ്ദിനിൽ നടന്ന പ്രാർഥനാ സംഗമത്തിൽ പങ്കെടുക്കാൻ വിവിധ നാടുകളിൽ നിന്നായി ജനസാഗരമെത്തി. പ്രാർഥനാ സമ്മേളനത്തിന്റെ പ്രധാന നഗരിയും ഗ്രാൻഡ് മസ്ജിദും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. 
തറാവീഹ് നമസ്‌കാര ശേഷം പ്രധാന വേദിയിൽ നടന്ന പ്രാർഥനാ സമ്മേളനത്തിന്റെ സമാപന സംഗമം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നിർവഹിച്ചു.
സൃഷ്ടികളോട് കാരുണ്യവും സഹാനുഭൂതിയും കാണിക്കാതെ സ്രഷ്ടാവിനോട് കരുണക്കായി തേടുന്നത് വ്യർഥമാണെന്ന് ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. തെറ്റുകുറ്റങ്ങൾ ചെയ്തവരെ കൈവെടിയുന്നവനല്ല അല്ലാഹു. സ്രഷ്ടാവിനോടുള്ള ഏത് ധിക്കാരവും കണ്ണീരണിഞ്ഞ പശ്ചാത്താപത്തിൽ ഉരുകിയൊലിക്കും. എന്നാൽ സൃഷ്ടികൾ തമ്മിലുള്ള തെറ്റുകൾ പരസ്പരം പറഞ്ഞ് തീർക്കുക തന്നെ വേണം. ഒപ്പമുള്ളവരുടെ സൗഖ്യവും സന്തോഷവും അറിയാതെയും അന്വേഷിക്കാതെയുമുള്ള ജീവിതം നിരർഥകമാണെന്നും അദ്ദേഹം ഉണർത്തി.
കേന്ദ്രത്തിൽ അധികാരമേറ്റ സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമയോടെ കൊണ്ടുപോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയും എല്ലാ വിഭാഗം ആളുകളുടെ ക്ഷേമവുമായിരിക്കണം ലക്ഷ്യം. ഇക്കഴിഞ്ഞ ദിവസവും ആൾക്കൂട്ടക്കൊലയെപ്പറ്റി മീഡിയകൾ റിപ്പോർട്ട് ചെയ്തു.  തുടർച്ചയായി ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾക്ക് അടിയന്തിരമായ പരിഹാരം കാണണം -അദ്ദേഹം പറഞ്ഞു.
രണ്ട് ദിനങ്ങളിലായി നടന്ന പ്രാർഥനാ സമ്മേളന പരിപാടികൾ വ്യാഴാഴ്ചയാണ് സ്വലാത്ത് നഗറിൽ ആരംഭിച്ചത്. സമാപന പരിപാടികൾക്ക് ഇന്നലെ പുലർച്ചെ നാലിന് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ആത്മീയ സദസ്സോടെയാണ് തുടക്കമായത്. തുടർന്ന് ഖുർആൻ പാരായണം, ഹദീസ് പഠന ക്ലാസ്, ഖുർആൻ ഹിസ്ബ് ക്ലാസ്, സ്വലാത്തുൽ ഇശ്റാഖ്, ഖത്മുൽ ഖുർആൻ, സൂറത്തുൽ കഹ്ഫ് പാരായണം എന്നിവ നടന്നു. ജുമുഅ ഖുതുബ, പ്രഭാഷണം എന്നിവക്ക് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ തളീക്കര, വയനാട് ഹസൻ മുസ്ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്ലായാർ കട്ടിപ്പാറ, അബു ഹനീഫൽ ഫൈസി തെന്നല, സി. മുഹമ്മദ് ഫൈസി, കെ.പി മുഹമ്മദ് മുസ്ലിയാർ കൊമ്പം,  പ്രൊഫ. എ.പി.അബ്ദുൽ ഹമീദ്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, എ.പി അബ്ദുൽ കരീം ഹാജി, മൻസൂർ ഹാജി ചെന്നൈ തുടങ്ങിയവർ സംബന്ധിച്ചു.

Latest News