മലപ്പുറത്ത് വൃദ്ധയെ മാനഭംഗപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയില്‍

മഞ്ചേരി-  അറുപത്തിയേഴുകാരിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടി. മലപ്പുറത്തിനടുത്തു  പടിഞ്ഞാറ്റുംമുറി    ചാത്തന്‍കാട്ടില്‍ ഇബ്രാഹിം (31) ആണ് അറസ്റ്റിലായത്. ബംഗളൂരു ശിവാജി നഗറിലെ രഹസ്യകേന്ദ്രത്തില്‍നിന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബഷ് കുമാര്‍ ബെഹ്‌റയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇബ്രാഹിമിനെ തന്ത്രപരമായി പിടികൂടിയത്.
മെയ് 11നാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന വൃദ്ധയെ മദ്യപിച്ചെത്തിയ പ്രതികള്‍ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ രണ്ടാംപ്രതി വിനോദിനെ ഏതാനും ദിവസം മുമ്പ് മലപ്പുറം കോടതി പരിസരത്തുനിന്നു പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഇവര്‍ക്കു ഒളിച്ചു താമസിക്കാന്‍ സൗകര്യം ചെയ്ത കൊടുത്ത വിനോദിന്റെ ഭാര്യാ പിതാവിനെയും ഇടുക്കി സ്വദേശികളായ മറ്റുമൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവില്‍ താമസിക്കുന്നതിനിടയില്‍ ഇരുപ്രതികളും തമ്മില്‍ തെറ്റിപിരിഞ്ഞു. തുടര്‍ന്നു ഇബ്രാഹിം ബംഗളൂരു  ശിവാജിനഗറിലേക്കു കടക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ലോഡ്ജില്‍ മുറിയെടുത്താലും മറ്റും പിടിക്കപ്പെടുമെന്നു മനസിലാക്കിയ ഇബ്രാഹിം  ബംഗളൂരുവില്‍ പണിയെടുത്തിരുന്ന തമിഴ്‌നാട് സ്വദേശികളോടൊപ്പം കടവരാന്തകളിലാണ് കിടന്നിരുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിച്ച അന്വേഷണ സംഘം ഒരാഴ്ചയോളം സ്ഥലത്ത്  താമസിച്ചാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നു മലപ്പുറം സി.ഐ പ്രേംജിത്ത് അറിയിച്ചു.

 

Latest News