Sorry, you need to enable JavaScript to visit this website.

നിതീഷ് ഇടഞ്ഞു; ജെഡിയു മോഡി മന്ത്രിസഭയില്‍ ഇല്ല

ന്യുദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരമേറ്റതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത. ബിഹാറിലെ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായി ജനതാദള്‍ യുനൈറ്റഡിന് ഏക മന്ത്രി പദവി മാത്രം നല്‍കിയതാണ് പാര്‍ട്ടി അധ്യക്ഷന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ സഖ്യകക്ഷികളുടെ പ്രാതിനിധ്യം അവരുടെ അംഗബലത്തിന് ആനുപാതികമായിരിക്കണമെന്നാണ് നിതീഷിന്റെ നിലപാട്. അതേസമയം സഖ്യത്തില്‍ ഭിന്നതകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സാന്നിധ്യമറിയിക്കാന്‍ ബിജെപി നല്‍കിയ ഒരു മന്ത്രിസഭാ സീറ്റ് പാര്‍ട്ടി വേണ്ടെന്നു വച്ചിരിക്കുകയാണ്. ജെഡിയുവിന് 16 എംപിമാരാണ് പുതിയ ലോക്‌സഭയില്‍ ഉള്ളത്. സഖ്യ സര്‍ക്കാര്‍ ആകുമ്പോള്‍ ആനുപാതിക പ്രാതിനിധ്യം വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹം-നിതീഷ് പറഞ്ഞു.

ബിഹാറിലെ 40 സീറ്റില്‍ 16 ഇടങ്ങളില് ജെഡിയുവും 17 സീറ്റില്‍ ബിജെപിയും ജയിച്ചിരുന്നു. തങ്ങല്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ജെഡിയു നേരത്തെ തന്നെ ബിജെപിയെ അറിയിച്ചിരുന്നതാണ്. മൂന്ന് മന്ത്രി പദവിയെങ്കിലും ലഭിക്കണമെന്നായിരുന്നു ജെഡിയുവിന്റെ വിപേശല്‍. അതേസമയം ഭാവിയില്‍ മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ ജെഡിയുവിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
 

Latest News