Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമിത് ഷാക്ക് മോഡി നല്‍കിയത് അര്‍ഹമായ സ്ഥാനം

ന്യൂദല്‍ഹി- രണ്ടാം മോഡി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പാണ് വിജയശില്‍പിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാക്ക് ലഭിച്ചത്. ലിഖിത നിയമമില്ലെങ്കിലും ആഭ്യന്തര മന്ത്രിയെയാണ് പൊതുവെ ഇന്ത്യയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനായി കണക്കാക്കാറുള്ളത്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമിത് ഷായെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രദ്ധാപൂര്‍വമാണ് തെരഞ്ഞെടുത്തത്.  

ഇതിനു പുറമെ, അമിത് ഷായുടെ മാനേജ്‌മെന്റ് വൈദഗ്ധ്യവും കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായക വകുപ്പായ ആഭ്യന്തരം അദ്ദേഹത്തിന്റെ കൈകളിലെത്തിക്കാന്‍ കാരണമായി. ഇന്റലിജന്‍സ്, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളും ഉള്‍ക്കൊള്ളുന്നതാണ് ആഭ്യന്തര വകുപ്പ്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ ബി.ജെ.പിയിതര മുഖ്യമന്ത്രിമാരുമായി സമര്‍ഥമായി ഇടപെടാനും അമിത് ഷാക്ക് സാധിക്കുമെന്ന് കരുതുന്നു.

2014 ല്‍ അധികാരമേറ്റ ഒന്നാം മോഡി മന്ത്രിസഭയില്‍ രാജ്‌നാഥ് സിംഗാണോ അരുണ്‍ ജെയ്റ്റ്‌ലിയാണോ രണ്ടാമനെന്ന ആശയക്കുഴപ്പം പലപ്പോഴും ഉണ്ടായിരുന്നു. ജെയ്റ്റ്‌ലിയെയാണ് മോഡിയുടെ ഏറ്റവും വിശ്വസ്ഥനായി കണക്കാക്കിയിരുന്നത്. ഒരുവേള അദ്ദേഹം ആഭ്യന്തരവും ധനകാര്യുവും ഒരുമിച്ച് കൈകാര്യം ചെയ്തിരുന്നു. അതേസമയം, രാജ്‌നാഥ് സിംഗിന് എപ്പോഴും പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് സീറ്റ് നല്‍കിയത് അദ്ദേഹം തന്നെയാണ് രണ്ടാമനെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഇത്തവണ മന്ത്രിമാരെ തെരഞ്ഞെടുത്തതില്‍ ആരാണ് രണ്ടാമനെന്ന ആശയക്കുഴപ്പമൊന്നുമില്ല.
ഗാന്ധിനഗര്‍ ലോക്‌സഭാ സീറ്റില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ മാറ്റി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ തന്നെയാണ് സര്‍ക്കാരില്‍ മോഡിയുടെ ഡെപ്യട്ടിയും രണ്ടാമനും.

സഖ്യകക്ഷികളെ കൂടെ നിര്‍ത്തുന്നതിലും സ്വന്തം പാര്‍ട്ടിയിലെ ഭിന്നസ്വരങ്ങളെ യഥാസമയം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിലും അനിതരസാധാരണമായ വൈദഗ്ധ്യമാണ് അമിത് ഷാ പ്രകടിപ്പിച്ചിരുന്നത്. ഒന്നാം മോഡി സര്‍ക്കാരിനെ പലവിവാദങ്ങളില്‍നിന്നും രക്ഷപ്പെടുത്തിയിരുന്നത് അമിത് ഷായാണ്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മോഡി ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ അതു നിയന്ത്രിച്ചിരുന്നതും അമിത് ഷാ തന്നെയായിരുന്നു.
മന്ത്രിമാരെ നിശ്ചയിക്കാന്‍ പ്രധാനമന്ത്രി മോഡി അമിത്ഷായുമായി മൂന്ന് ദിവസം തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തീവ്ര ദേശീയതയും രാജ്യസുരക്ഷയും മുഖ്യവിഷയമാക്കി തെരഞ്ഞെടുപ്പ് വിജയം നേടിയ മോഡിയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര സുരക്ഷ സുപ്രധാനമാകും. ഏറ്റവും വിശ്വസ്ഥന്റെ കരുത്തും വൈദഗ്ധ്യവും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് തുണയാകും.

മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നല്‍കുന്ന താക്കീത് കൂടിയാണ് രണ്ടാമനായി അമിത് ഷായെ നിയോഗിച്ചതിലൂടെ ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പിന്‍ഗാമി ആരായിരിക്കുമെന്നും മോഡി വിളിച്ചറിയിച്ചിരിക്കയാണ്. മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കുള്ള കൃത്യമായ സന്ദേശം കൂടിയാണ് പലപ്പോഴും എം.എല്‍.എമാരെ ചാടിക്കുന്നതിലും സര്‍ക്കാരുകളെ മാറ്റുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള അമിത് ഷായുടെ രണ്ടാം സ്ഥാനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഉടന്‍ ജയിലിലടക്കുമെന്നാണ് അമിത് ഷാക്ക് ആഭ്യന്തര വകുപ്പ്് ലഭിച്ചതിനു ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

 

Latest News