ന്യൂദൽഹി- അടുത്ത വർഷം മുതൽ സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതു പരീക്ഷകൾ ഫെബ്രുവരിയിൽ നടത്താൻ നീക്കം. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഈ അധ്യായന വർഷത്തെ പൊതുപരീക്ഷ ഫെബ്രുവരി മധ്യത്തിൽ തുടങ്ങി മാസാവസാനത്തോടെ അവസാനിക്കുന്ന രീതിയിലാവും ടൈംടേബിൾ തയ്യാറാക്കുക.
മാർച്ച് രണ്ടാം വാരത്തിലായിരുന്നു സാധാരണ നിലയിൽ സിബിഎസ്ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ നടക്കാറുള്ളത്. ഈ തീരുമാനം നടപ്പാക്കാൻ കഴിയുകയാണെങ്കിൽ വലിയ നേട്ടമായിരിക്കുമെന്ന് സിബിഎസ്ഇ ചെയർമാൻ ആർ.കെ ചതുർവേദി പറഞ്ഞു. ഏപ്രിലോടെ അവധിക്കാലം തുടങ്ങുകയാണ്. അതോടെ കഴിവുള്ള അധ്യാപകർ അവധിയിലും പ്രവേശിക്കും. ഈ സാഹചര്യത്തിൽ മാർച്ച് അവസാനം ആവുമ്പോഴേക്കും മൂല്യനിർണയത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാം ക്ലാസ് ഫലത്തിൽ വ്യാപക പിഴവെന്ന് ആരോപണമുയർന്നിരുന്നു. മാർക്ക് കൂട്ടുന്നതിലെ പിഴവ് കാരണം നിരവധി വിദ്യാർഥികൾക്കു കുറഞ്ഞ മാർക്കാണ് ലഭിച്ചത്. ഇതേത്തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയ നിരവധി പേർക്ക് മാർക്ക് കൂടുകയുമുണ്ടായി.
ദൽഹി, ചണ്ഡീഗഢ്, മുംബൈ മേഖലകളിലാണ് കൂടുതൽ പരാതികൾ ഉയർന്നത്. പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടിയതിനാൽ ഇതിനായുള്ള അപേക്ഷ കുന്നുകൂടുകയും ചെയ്തു. മൂല്യനിർണയത്തിലെ അപകാത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയും എത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നേരത്തെ പരീക്ഷനടത്തി കുറ്റമറ്റ രീതിയിൽ മൂല്യനിർണയം നടത്താൻ സിബിഎസ്ഇ തീരുമാനിച്ചത്. അതേസമയം, ആരോപണം സംബന്ധിച്ച് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന രണ്ടു സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇവർ മൂല്യനിർണയത്തിൽ പിഴവു വന്നോയെന്നു പരിശോധിക്കുമെന്നും ചതുർവേദി അറിയിച്ചു.






