മഞ്ചേരി- പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ അറുത്തിനാലുകാരനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി പത്തു വർഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും ശിക്ഷിച്ചു. പാലക്കാട് മാങ്കുറിശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) യെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. പിഴസംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും പ്രതി പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2017 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ബാലികയുടെ വീട്ടിൽ എത്തിയതായിരുന്നു. മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് കുട്ടി ഗർഭിണിയാവുകയായിരുന്നു. കുട്ടിയെ ഗർഭ ഛിദ്രത്തിന് വിധേയയാക്കിയെങ്കിലും ഡി.എൻ.എ പരിശോധന പ്രതിക്കെതിരായിരുന്നു.






