ആന്ധ്രയില്‍ ജഗന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു; മോഡിയുടെ സത്യപ്രതിജ്ഞയ്ക്കില്ല

വിജയവാഡ- ആന്ധ്ര പ്രദേശില്‍ ഒന്നിച്ചു നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ജയം തൂത്തുവാരിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ദല്‍ഹിക്കു പോകേണ്ടെന്നാണ് ജഗന്റെ തീരുമാനം. ജഗന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷം ജഗന്‍ ചന്ദ്രശേഖര റാവുവിനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ഉച്ചവിരുന്നു നല്‍കി. ജഗന്റെ സത്യപ്രതിജ്ഞയ്ക്ക് ഇന്നലെ വിജയവാഡയിലെത്തിയ ചന്ദ്രശേഖര റാവു വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ ദല്‍ഹിക്കു പോകേണ്ടതായിരുന്നു.

തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ജഗനും റാവുവും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. കേന്ദ്രത്തില്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാനായിരുന്നു ഇരുവരുടേയും ധാരണ. എന്നാല്‍ ഫലം മറ്റൊന്നായി. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി വളര്‍ത്താനുള്ള ബിജെപിയുടെ പദ്ധതികളാണ് ജഗനേയും റാവുവിനേയും ഒന്നപ്പിച്ചത്.
 

Latest News