പാര്‍ട്ടി അധ്യക്ഷ സ്ഥാനം: പുതിയ നിര്‍ദേശവുമായി രാഹുല്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധി, പ്രസിഡന്റ് സ്ഥാനത്തേക്ക് ഒ ബി സി, എസ് സി-എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്തപരാജയത്തിനു പിന്നാലെയാണ്  പാര്‍ട്ടി അധ്യക്ഷ പദം രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിയില്‍നിന്ന് പിന്മാറണമെന്ന് രാഹുലിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. യുപിഎ സഖ്യകക്ഷികളായ ഡി എം കെയും ആര്‍ ജെ ഡിയും രാജിയില്‍നിന്ന് പിന്മാറാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചിരുന്നു. അധ്യക്ഷപദത്തിലെത്തുന്നയാള്‍ ഗാന്ധികുടുംബാഗമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷപദത്തിലേക്ക് ഉയര്‍ന്നുവന്നെങ്കിലും അതും രാഹുല്‍ നിരാകരിച്ചു. ലാക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാനായത്.

 

Latest News