മോഡിയുടെ സത്യപ്രതിജ്ഞ ഇന്ന്; കേന്ദ്ര മന്ത്രിസഭയില്‍ അറുപതോളം മന്ത്രിമാരും

ന്യൂദല്‍ഹി- നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറും. രാഷ്ട്രപതി ഭവനില്‍ വൈകീ ഏഴു മണിക്കാണ് ചടങ്ങ്. വിദേശ രാഷ്ട്ര തലവന്‍മാരും ഉന്നത നേതാക്കളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും മറ്റും അടക്കം 8000ഓളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കുടീരമായ രാജ്ഘട്ടിലും ബിജെപി സ്ഥാപക നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്‌പേയിയുടെ കുടീരമായ സദൈവ് അടല്‍ സമാധിയിലും ദല്‍ഹി ഇന്ത്യാ ഗേയ്റ്റിലെ യുദ്ധ സ്മാരകത്തിലും സന്ദര്‍ശനം നടത്തി. യുദ്ധ സ്മാരക സന്ദര്‍ശനത്തിന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, നാവിക സേനാ മേധാവി സുനില്‍ ലന്‍ബ, വ്യോമ സേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ഭദോരിയ എന്നിവരും മോഡിയെ അനുഗമിച്ചു.

പുതിയ മോഡി മന്ത്രിസഭയില്‍ 50 മുതല്‍ 60 വരെ മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന. ഇവരില്‍ പത്തു മന്ത്രിമാര്‍ വരെ എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായിരിക്കും. താമസിയാതെ മന്ത്രിസഭാ വികസനവും നടക്കുമെന്നും സൂചനയുണ്ട്. കേന്ദ്ര മന്ത്രിസഭയുടെ പരമാവധി അംഗസംഖ്യ 81 വരെ ആകാം. പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയേക്കും. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കും പ്രാധാന്യം ലഭിക്കും. 

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മോഡിയും അമിത് ഷായും വീണ്ടും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തി. കൂടാതെ ഉന്നത ബിജെപി, സഖ്യകക്ഷി നേതാക്കളും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. 

Latest News