ഇറ്റാനഗര്‍- രണ്ടു ദശാബ്ദം മുമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനോട് പൊരുതിയ മുന്‍ സൈനികനെ വിദേശിയും അനധികൃത കുടിയേറ്റക്കാരനുമാക്കി അസമില്‍ തടവിലാക്കി. സൈന്യത്തില്‍നിന്ന് ലഫ്റ്റനന്റായി വിരമിച്ച മുഹമ്മദ് സനാഉല്ലയെ ജയിലിലടച്ചതിനെതിരെ കുടുംബം ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. അസം ബോര്‍ഡര്‍ പോലീസ് ചൊവ്വാഴ്ച വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൗരനല്ലെന്ന് ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അതിര്‍ത്തി പോലീസിന്റെ നടപടി.
52 കാരനായ ലഫ്. സനാഉല്ല അനധികൃത താമസക്കാരെ കണ്ടെത്തി നാടു കടത്താനുള്ള അസി. സബ് ഇന്‍സ്‌പെക്ടറായി ബോര്‍ഡര്‍ പോലീസില്‍ ജോലി ചെയ്തിരുന്നുവെന്നതാണ് സംഭവത്തിലെ മറ്റൊരു തമാശ. സംസ്ഥാന പോലീസിന്റെ കീഴിലുള്ള അതിര്‍ത്തി യൂനിറ്റിലേക്ക് വിരമിച്ച സൈനികരേയും അര്‍ധ സൈനികരേയും റിക്രൂട്ട് ചെയ്യാറുണ്ട്.
ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ സനാഉല്ലക്ക് കഴിഞ്ഞ വര്‍ഷമാണ് നോട്ടീസയച്ചിരുന്നത്. അഞ്ച് തവണ ട്രൈബ്യൂണല്‍ മുമ്പാകെ ഇദ്ദേഹം ഹാജരായി. വിരമിച്ച സൈനികരും അര്‍ധ സൈനികരുമായി ആറു പേരെങ്കിലും ഇപ്പോള്‍ ട്രൈബ്യൂണല്‍ വിചാരണ നേരിടുന്നുണ്ട്.
കാര്‍ഗില്‍ യുദ്ധത്തിലക്കം പങ്കെടുത്ത് 30 വര്‍ഷം രാജ്യത്തെ സൈന്യത്തില്‍ സേവനം ചെയ്ത ഒരാള്‍ക്ക് ലഭിച്ച സമ്മാനമാണിതെന്ന് സനാഉല്ലയുടെ അകന്ന സഹോദരന്‍ മുഹമ്മദ് അജ്മല്‍ ഹഖ് പറഞ്ഞു. ഗുവാഹത്തിയില്‍നിന്ന് 60 കി.മീ പടിഞ്ഞാറ് ബോക്കോവില്‍ താമസിക്കുന്ന ഹഖിനും ട്രൈബ്യൂണല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ ജൂനിയര്‍ കമ്മീഷണര്‍ ഓഫീസറായി വിരമിച്ചയാളാണ് ഹഖ്.