കൊച്ചി- പ്രതി ഇരയെ വിവാഹം ചെയ്താല്‍ ബലാത്സംഗക്കേസ് തള്ളാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശിക്കെതിരായ ബലാത്സംഗ കേസ് അവസാനിപ്പിച്ച് ജസ്റ്റിസ് ആര്‍. നാരയാണ പിഷാരടിയുടേതാണ് ഉത്തരവ്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വഞ്ചിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇരുവരും വിവാഹം ചെയ്ത് തങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയാണെന്ന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ സംഭവിച്ചിരിക്കുന്നത് പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പല്ലെന്നും വാഗ്ദാന പൂര്‍ത്തീകരണമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹം ചെയ്യാമെന്നത് ആഗ്രഹ പൂര്‍ത്തീകരണത്തിനു വേണ്ടി മാത്രം നല്‍കിയ വ്യാജ വാഗ്ദാനമായിരുന്നില്ലെന്ന് സംഭവത്തിനുശേഷം കുറഞ്ഞ കാലത്തിനുള്ളില്‍ വിവാഹം ചെയ്തതിലൂടെ വ്യക്തമാകുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ാം വകുപ്പ് (ബലാത്സംഗം) പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്താല്‍ പരാതിക്കാരിയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ പോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പാടില്ലെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ കേസില്‍ അങ്ങനെയൊരു ഒത്തുതീര്‍പ്പല്ല നടന്നിരിക്കുന്നതെന്നാണ് ജഡ്ജി വ്യക്തമാക്കിയിരിക്കുന്നത്.